
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെയുടെ വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കരൂരിലെ ദുരന്തത്തിന് കാരണം സെന്തിൽ ബാലാജിയാണെന്ന് അയ്യപ്പൻ ആരോപിക്കുന്നു. സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം.
കൂലിപ്പണിക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവികെയിലെ റാലിയിൽ പങ്കെടുത്തിരുന്നു. തിക്കിലും തിരക്കിലും ആളുകൾ മരിച്ച വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്.
കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. .
ശനിയാഴ്ച കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.
എഫ്ഐആറിൽ വിജയ്ക്കെതിരേയും ഗുരുതര പരാമർശങ്ങളുള്ളതായാണ് റിപ്പോർട്ട്. കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂർവം വൈകിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. നാമക്കലിൽ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിച്ചേർന്നത്. ഇത് കൂടുതൽ ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ കാരണമായെന്നും എഫ്‌ഐആറിൽ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിലേക്ക് വിളിക്കുക: 1056, 0471-2552056)
Content Highlights: A TVK local leader died by suicide following the Karur tragedy, leaving a note accusing former minister Senthil Balaji of negligence and pressure that led to the disaster.
Published: 30 Sept 2025, 07:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented