ചെന്നൈ: എക്‌സിറ്റ് പോളിൽ വിജയ്‌യുടെ ടിവികെയ്ക്ക് മുന്നേറ്റം പ്രവചിച്ചതോടെ തമിഴ്‌നാട്ടിൽ വമ്പൻ രാഷ്ട്രീയനീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ടിവികെ മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷമായ എഐഎഡിഎംകെ ടിവികെയുമായി ചർച്ച നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ, വിജയ്‌യുടെ പാർട്ടി നേടുന്ന സീറ്റുകളുടെ എണ്ണമനുസരിച്ചാകും ഈ ചർച്ചകൾ പുരോഗമിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതിനിടെ, ടിവികെയുടെ എല്ലാ സ്ഥാനാർഥികളുടെയും സുപ്രധാന യോഗം വ്യാഴാഴ്ച ചെന്നൈയിൽ വിളിച്ചുചേർത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് വിജയ് വിളിച്ചുചേർത്ത യോഗം ആരംഭിച്ചത്. സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണമുള്ളത്. ഓരോ മണ്ഡലങ്ങളുടെയും ബൂത്ത് തലങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് സൂചന. മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ചയുണ്ടാകും. എക്‌സിറ്റ് പോളുകളിൽ മുന്നേറ്റം പ്രവചിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം എങ്ങനെ നീക്കങ്ങൾ വേണമെന്നതും യോഗത്തിൽ ചർച്ചയായേക്കും.
കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ 'ആക്‌സിസ് മൈ ഇന്ത്യ'യാണ് തമിഴ്‌നാട്ടിൽ ടിവികെ വൻ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെ 98 മുതൽ 120 സീറ്റുവരെ നേടുമെന്നാണ് 'ആക്‌സിസ് മൈ ഇന്ത്യ'യുടെ പ്രവചനം. 118 സീറ്റാണ് തമിഴ്‌നാട്ടിൽ ഭരണം ലഭിക്കാനാവശ്യമായ കേവല ഭൂരിപക്ഷം.
'ആക്‌സിസ് മൈ ഇന്ത്യ'യുടെ എക്‌സിറ്റ് പോളനുസരിച്ച് ഡിഎംകെ നയിക്കുന്ന ഇന്ത്യാ സഖ്യത്തിന് 92 മുതൽ 110 സീറ്റ് വരെയാണ് ലഭിക്കാനാണ് സാധ്യത കൽപ്പിക്കുന്നത്. എഐഎഡിഎംകെ ഉൾപ്പെടുന്ന എൻഡിഎയ്ക്ക് 22 മുതൽ 32 സീറ്റുകൾ വരെ ലഭിക്കുമെന്നും എക്‌സിറ്റ് പോൾ പറയുന്നു.
ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേരുടെ പിന്തുണയുള്ളതും വിജയ്ക്കാണ്. 37 ശതമാനം പേരാണ് വിജയ് മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 35 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മാത്രമല്ല, യുവവോട്ടർമാർക്കിടയിൽ ടിവികെ വൻ മുന്നേറ്റം നടത്തുമെന്നും ആക്‌സിസ് മൈ ഇന്ത്യയുടെ സർവേഫലങ്ങൾ വ്യക്തമാക്കുന്നു. കന്നിവോട്ടർമാരിൽ 68 ശതമാനം പേരും 20-29 വയസ്സുള്ളവരിൽ 59 ശതമാനം പേരും ടിവികെയെ പിന്തുണയ്ക്കുന്നതായാണ് സർവേ ഫലങ്ങളിലുള്ളത്.
അതേസമയം, എക്‌സിറ്റ് പോളുകളിൽ ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് വൻ മുന്നേറ്റം പ്രവചിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 'മാട്രിസി'ന്റെ എക്‌സിറ്റ് പോളിൽ 10 മുതൽ 12 വരെ സീറ്റും 'പീപ്പിൾസ് പൾസ്' 18 മുതൽ 24 വരെ സീറ്റും 'പി-മാർക്ക്' 16 മുതൽ 26 വരെ സീറ്റും ടിവികെയ്ക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
Content Highlights: Axis My India predicts 98-120 seats for TVK in the 234-seat assembly., Vijay leads in CM preference polls with 37% support over MK Stalin., Strong support for TVK among youth and first-time voters (68%)., AIADMK considering potential alliance discussions with TVK based on seat count., Conflicting exit poll data from Matrix, People's Pulse, and P-MARQ.
Published: 30 Apr 2026, 03:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented