ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും കുരുക്കില്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
കെജ്രിവാള് സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ബി.ജെ.പി. ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എ.എ.പി. സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിച്ചിരുന്നു.
ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്രിവാള്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
Content Highlights: Trouble For Arvind Kejriwal, Delhi Lt Governor Allows Probe Agency To Prosecute Him
Published: 21 Dec 2024, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented