അഗര്‍ത്തല: ത്രിപുരയില്‍ പ്രതാപികളായി വാണിരുന്ന സിപിഎമ്മിന് അഞ്ചു വര്‍ഷം മുമ്പ് ഭരണം പോയതിന് പിന്നാലെ ഇപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു.
പശ്ചിമബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്. മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎം ആദ്യം പ്രതിപക്ഷത്തേക്കും പിന്നീട് ചിത്രത്തില്‍ നിന്ന് തന്നെ തഴയപ്പെടുന്ന സ്ഥിതിയിലേക്കും എത്തിയിരുന്നു.
പ്രതിസന്ധി മറികടക്കാന്‍ ത്രിപുരയില്‍ ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. ദീര്‍ഘകാലം ത്രിപുര ഭരിച്ച ശേഷം 2018-ല്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളില്‍ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്. 16 സീറ്റകള്‍ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകള്‍ നേടാനായിരുന്നു എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ ഇത്തവണ 11 സീറ്റുകളിലൊതുങ്ങിയ സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 32 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് 39 ശതമാനത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച് മൂന്ന് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്. 13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാര്‍ട്ടിക്ക് 22 ശതമാനത്തോളം വോട്ടുകള്‍ പിടിക്കാനായി.
പശ്ചിമ ബംഗാളില്‍ ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചതോടെ കേരളം കഴിഞ്ഞാല്‍ സിപിഎമ്മിന് ഏക പ്രതീക്ഷയുള്ള സംസ്ഥാനമായിരുന്നു ത്രിപുര. അവിടെയാണിപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനത്ത് നിന്നും സിപിഎം തള്ളപ്പെട്ടിരിക്കുന്നത്.
പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ നേതൃത്വത്തില്‍ ത്രിപമോത എന്ന പേരിലുള്ള ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവിര്‍ഭാവം പ്രതിപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ഇടത്-കോണ്‍ഗ്രസ് സഖ്യം പുറത്ത് കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ കൂട്ടുക്കെട്ടില്‍ ഉള്‍പ്പോര് രൂക്ഷമായിരുന്നു. ന്യൂനപക്ഷ മേഖലകളില്‍ മാത്രമാണ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഗോത്ര വിഭാഗങ്ങളുടെ വോട്ടുകള്‍ ത്രിപ മോതയ്ക്ക് അനുകൂലമായി പോയപ്പോള്‍ ബംഗാളി വോട്ടര്‍മാര്‍ ബിജെപി-ഐപിഎഫ്ടിക്ക് പിന്നില്‍ ഏകീകരിച്ചതായും വിലയിരുത്തപ്പെടുന്നു. ഇത് കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന്റെ മൊത്തത്തിലുള്ള സീറ്റ് വിഹിതം കുറയാന്‍ കാരണമായി.
Content Highlights: Tripura-Tipra Motha to corner tribal votes, beat Congress-Left to second spot
Published: 02 Mar 2023, 05:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented