കൊല്‍ക്കത്ത: ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പ്രതികളായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് ബംഗാളില്‍ നിന്ന് എന്‍.ഐ.എയും ബംഗാള്‍ പോലീസും സംയുക്ത ദൗത്യത്തിലൂടെ പിടികൂടിയത്.

To advertise here,

മമത ബാനര്‍ജിയുടെ ഭരണത്തിനുകീഴില്‍ പശ്ചിമബംഗാള്‍ ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായെന്ന് ബി.ജെ.പി. ആരോപിച്ചു. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ ഇക്കാര്യം ആരോപിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി മമത രംഗത്തെത്തി. ബംഗാളില്‍ സമാധാനമുള്ളത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ലെന്ന് മമത പറഞ്ഞു.

ബംഗാളിലെ കൂച്ച് ബിഹാറിലെ ദിന്‍ഹാതയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മമത ബി.ജെ.പിക്ക് മറുപടി നല്‍കിയത്. 'അറസ്റ്റിലായവര്‍ ബംഗാള്‍ സ്വദേശികളല്ല. അവരിവിടെ ഒളിവില്‍ കഴിയുകയായിരുന്നു. വിവരംകിട്ടി രണ്ട് മണിക്കൂറിനകം അവര്‍ അറസ്റ്റിലായി. ബംഗാളില്‍ സമാധാനമുള്ളത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ല. ഉത്തര്‍പ്രദേശും രാജസ്ഥാനും ബിഹാറും സുരക്ഷിതമായ സ്ഥലങ്ങളാണോ?', മമത ബാനര്‍ജി ചോദിച്ചു. 

മുതിര്‍ന്ന തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷും ബി.ജെ.പി. വാദങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. പ്രതികളെ പിടിക്കാന്‍ ബംഗാള്‍ പോലീസും സഹായിച്ചുവെന്ന കാര്യം എന്‍.ഐ.എക്ക് സമ്മതിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഐ.എയുടെ വാര്‍ത്താക്കുറിപ്പില്‍ ബംഗാള്‍ പോലീസിന്റെ സഹകരണത്തോടെയാണ് അറസ്‌റ്റെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, അമിത് മാളവ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാള്‍ പോലീസും രംഗത്തെത്തി. അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് ബംഗാള്‍ പോലീസ് ബി.ജെ.പിയുടെ വാദങ്ങള്‍ തള്ളിയത്. ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയായിരുന്നു പശ്ചിമ ബംഗാള്‍ പോലീസിന്റെ പ്രതികരണം. 

'വ്യാജപ്രചാരണം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ്. അമിത് മാളവ്യ ഉന്നയിച്ചതിന് വിരുദ്ധമായി, ബംഗാള്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ രണ്ട് പ്രതികളെ കിഴക്കന്‍ മിഡ്‌നാപ്പുരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ദൗത്യത്തിലെ പശ്ചിമബംഗാള്‍ പോലീസിന്റെ പങ്ക് കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. പശ്ചിമബംഗാള്‍ ഒരിക്കലും ഭീകരരുടെ സുരക്ഷിത താവളമല്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പശ്ചിമബംഗാള്‍ പോലീസ് സദാ ജാഗരൂകരായിരിക്കും', പശ്ചിമ ബംഗാള്‍ പോലീസ് ട്വീറ്റ് ചെയ്തു.