കൊൽക്കത്ത: അടുത്തിടെ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരൻ എന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന്റെ സഹായിയായ യുവതിയെ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (STF) അറസ്റ്റ് ചെയ്തു. അർപ്പിത സർക്കാർ എന്ന യുവതിയെ വെള്ളിയാഴ്ച ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ബംഗാളിലെ ബർദ്ധമാനിൽ എത്തിച്ചു.

To advertise here,

ജെയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന മുഹമ്മദ് ഹമീം മൊണ്ടാലിനെ വ്യാഴാഴ്ച ബർദ്ധമാൻ ടൗണിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അർപ്പിത സർക്കാർ മൊണ്ടാലിന്റെ അടുത്ത സഹായിയും കാമുകിയുമാണ് എന്നാണ് പോലീസിന്റെ നിഗമനം. ഇവർ തമ്മിൽ വാട്സ്ആപ്പ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ ഇവർ തമ്മിലുള്ള ചാറ്റുകൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ബർദ്ധമാൻ ടൗണിലെ ഒരു ഹൗസിങ് കോംപ്ലക്‌സിലെ വാടക ഫ്‌ളാറ്റിൽ നിന്നാണ് എസ്ടിഎഫ് മൊണ്ടാലിനെ പിടികൂടിയത്. ബിജെപി നേതാക്കളുൾപ്പെടെയുള്ള പ്രമുഖരെ (VIPs) കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും, പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനും, സംസ്ഥാനത്ത് ഭീകരപ്രവർത്തനങ്ങൾക്ക് കളമൊരുക്കാനും ചുമതലപ്പെടുത്തിയ ഐഎസ്‌ഐ (ISI) പിന്തുണയുള്ള ശൃംഖലയുടെ ഭാഗമാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.

പശ്ചിമ ബംഗാളിലെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും മൊണ്ടാൽ അർപ്പിതയെ ഉപയോഗിച്ചതായാണ് വിവരം.

'ഈ മൊഡ്യൂളിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരകളെ ആകർഷിക്കാൻ ഉപയോഗിച്ച 'ഹണിട്രാപ്പ്' ശൃംഖലയിൽ അർപ്പിത സർക്കാർ പ്രധാന പങ്ക് വഹിച്ചതായാണ് കരുതുന്നത്. ചില രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ ചോർത്താനായി പ്രതികൾ ഒരു ശൃംഖല നിർമ്മിക്കാൻ ശ്രമിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ബന്ധങ്ങൾ സ്ഥാപിക്കാനും അത്തരം വിവരങ്ങൾ ശേഖരിക്കാനും യുവതിയെ ഉപയോഗിച്ചതായാണ് വിവരം. ഞങ്ങൾ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുവരികയാണ്, അവളുടെ പങ്കിന്റെ കൃത്യമായ സ്വഭാവം അന്വേഷിച്ചു വരികയാണ്.' അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണോ എന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. മൊണ്ടാലിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഇതൊരു സെൻസിറ്റീവായ വിഷയമാണ്. എസ്ടിഎഫും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കേസ് കൈകാര്യം ചെയ്യുന്നുണ്ട്. ഇയാൾക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടായേക്കാം; പോലീസ് അന്വേഷണം നടത്തിവരികയാണ്.' എന്നാണ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രി അധികാരിയുടെ നീക്കങ്ങളും അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളും മൊണ്ടാൽ നിരീക്ഷിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.