ലഖ്‌നൗ: പുലിയെ പിടികൂടാന്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത് പ്രദേശവാസി. ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ച് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദീപ് എന്നയാളാണ് പുലിയെ പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍, കൂടിനുള്ളില്‍ കയറി പെട്ടുപോകുകയായിരുന്നെന്നാണ് വിവരം. കൂട്ടില്‍ കുടുങ്ങിയ നിലയിലുള്ള പ്രദീപിന്റെ ദൃശ്യങ്ങള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

To advertise here,

ശാന്തീദേവി എന്ന അന്‍പത്തഞ്ചുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തോട് അതിര്‍ത്തിപങ്കിടുന്ന ഗ്രാമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിവെച്ചത്. പുലിയെ ആകര്‍ഷിക്കാനായി കൂടിനുള്ളില്‍ ഒരു ആടിനെയും കെട്ടിയിട്ടിരുന്നു. എന്നാല്‍, പുലിക്ക് പകരമെത്തിയത് പ്രദീപ് ആയിരുന്നു. ഇയാള്‍ കൂടിനുള്ളില്‍ കയറിയതിന് പിന്നാലെ വാതില്‍ അടയുകയും ചെയ്തു.

അതേസമയം, പ്രദീപ് എന്തിന് കൂടിനുള്ളില്‍ കയറി എന്നതില്‍ വിവിധ വാദങ്ങള്‍ ഉയരുന്നുണ്ട്. പുലിക്കുവേണ്ടി കെണിക്കുള്ളില്‍ കെട്ടിയിട്ട ആടിനെ മോഷ്ടിക്കാനാകാം പ്രദീപ് കൂടിനുള്ളിലേക്ക് കടന്നതെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. എന്നാല്‍, എന്താണ് സാഹചര്യമെന്ന് പരിശോധിക്കാനെത്തിയ തനിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും പിന്നാലെ കൂടിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നെന്ന് പ്രദീപ് പറയുന്നു.

കുടുങ്ങിയതിന് പിന്നാലെ സഹായത്തിന് വേണ്ടി പ്രദീപ് ബഹളമുണ്ടാക്കുകയും കൈവശമുണ്ടായിരുന്ന ഫോണിലൂടെ നാട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വനം, പോലീസ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ലോഹനിര്‍മിത കൂട്ടില്‍നിന്ന് പ്രദീപിനെ സുരക്ഷിതമായി പുറത്തിറക്കിയത്.