
കൊൽക്കത്ത: എൻഡിഎയുടെ ഭാഗമായിമാറിയ തൃണമൂൽ കോൺഗ്രസിലെ 20 വിമത ലോക്‌സഭാ എംപിമാർക്കിടയിൽ വിള്ളൽ. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് എംപിമാർ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും അതൃപ്തി പ്രകടിപ്പിക്കും ചെയ്തു. അബു താഹിർ ഖാൻ, ഖലീലുറഹ്‌മാൻ, യൂസുഫ് പത്താൻ എന്നിവരാണ് വിമതർക്കിടയിൽ വിമതസ്വരം ഉയർത്തിയത്. എന്നാൽ, ഇത് സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന് മമത ബാനർജിയോട് അനുഭാവം പുലർത്തുന്ന തൃണമൂൽ നേതാക്കൾ ആരോപിച്ചു.
ബംഗാളിലെ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂലിന്റെ 20 ലോക്‌സഭാ എംപിമാരാണ് എൻസിപിഐ എന്ന പാർട്ടിയിൽ ചേർന്ന് എൻഡിഎയുടെ ഭാഗമായത്. ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചത് തങ്ങളുടെ മണ്ഡലങ്ങളിലെ വോട്ട് ബാങ്കുകൾ നഷ്ടപ്പെടാനിടയാക്കുമെന്ന് ഇവരിൽ ചില എംപിമാർ ആശങ്കപ്പെടുന്നതായാണ് റിപ്പോർട്ട്. ആദ്യം വിമത യോഗങ്ങളിൽ പങ്കെടുത്തിരുന്ന ഈ എംപിമാർ ഇപ്പോൾ എൻസിപിഐ-എൻഡിഎ യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ഇതിനിടെ ശനിയാഴ്ച മുർഷിദാബാദ് എംപിയായ അബു താഹിർ ഖാൻ തന്റെ മണ്ഡലത്തിലെ എസ്‌ഐആർ നടപടികളിൽ ക്രമക്കേടുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സമീപിക്കുകയും ചെയ്തു. തങ്ങൾ ബിജെപിക്കൊപ്പം പോകില്ലെന്നും എൻഡിഎയുടെ ഭാഗമാകില്ലെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്.
എന്നാൽ, ഇതൊരു നാടകമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ‘അവർ എല്ലാവരെയും തെറ്റിധരിപ്പിക്കുകയാണ്. തങ്ങൾ എൻസിപിഐയുടെ ഭാഗമാണെന്ന കാണിച്ച് അവർ ഒരു കത്ത് സമർപ്പിച്ചിരുന്നു. ആ കത്ത് സ്പീക്കറുടെ കൈവശവുമുണ്ട്. മാത്രമല്ല, എൻസിപിഐ എൻഡിഎയുടെ സഖ്യകക്ഷിയാണെന്ന് അവരുടെ പാർട്ടിയുടെ നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. എൻസിപിഐയിൽ ചേർന്നതിനുശേഷം അവർക്ക് അവരുടെ സ്വന്തം മണ്ഡലങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുർഷിദാബാദിൽ 60 മുതൽ 65 ശതമാനം വരെ വോട്ടർമാർ ന്യൂനപക്ഷ വിഭാഗക്കാരാണ്. അവരെ വഞ്ചിച്ചിരിക്കുകയാണ്', തൃണമൂൽ നേതാവ് കല്യാൺ ബാനർജി പറഞ്ഞു.
ബിജെപിയുമായി സഖ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഈ എംപിമാർ കഴിഞ്ഞദിവസവും അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടിട്ടുണ്ടെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂൽ-ശിവസേന വിമത എംപിമാർക്കായി നടത്തിയ പ്രഭാതവിരുന്നിൽ ഈ എംപിമാർ പങ്കെടുത്തതായാണ് വിവരം.
ബിജെപിയുടെ രാഷ്ട്രീയവുമായി യോജിക്കുന്നില്ലെന്നും എന്നാൽ തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ നന്മയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി സഹകരിക്കുമെന്നുമാണ് ഈ മൂന്ന് എംപിമാരും നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ വിമത എംപിമാരിൽ ചിലർ മമത ബാനർജിയുടെ പക്ഷത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചുകൊണ്ട് തന്നെ ബന്ധപ്പെട്ടിരുന്നതായി തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സൗഗത റോയ് അവകാശപ്പെട്ടിട്ടുണ്ട്.
Content Highlights: 20 TMC rebel MPs joined NCPI and became part of the NDA following the elections., Three MPs representing Muslim-majority constituencies are boycotting meetings and expressing dissatisfaction., Abu Tahir Khan met Chief Minister Suvendu Adhikari regarding SIR procedural issues in Murshidabad., TMC claims the dissent is a strategic drama to mislead voters while remaining part of the NDA alliance.
Published: 10 Aug 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented