
ന്യൂഡൽഹി: തൃണമൂൽ എംപിമാർ തമ്മിൽ ചേരിപ്പോരും തർക്കവും. ദൃശ്യങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റും ബിജെപി പുറത്തുവിട്ടതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി പാർട്ടി. ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യയാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും മറ്റൊരു എംപിയും തമ്മിലുള്ള വാദപ്രതിവാദവും തർക്കവുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ വിഷയത്തെ സംബന്ധിച്ചുണ്ടായ തൃണമൂലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏപ്രിൽ 4 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്താണ് സംഭവം നടന്നതെന്നാണ് അമിത് മാളവ്യയുടെ ഭാഷ്യം. നിവേദനം സമർപ്പിക്കാൻ എത്തിയ തൃണമൂൽ പ്രതിനിധി സംഘത്തിനിടയിലാണ് തർക്കം ഉടലെടുത്തത്. മറ്റൊരാൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് രാജ്യസഭാ എംപി ഡെറക് ഒബ്രിയാന്റെതാണെന്നാണ് വിലയിരുത്തൽ.
ഒരു വനിതാ പാർട്ടി നേതാവ് തന്നോട് ആക്രോശിക്കുകയും തർക്കത്തിന് തുടക്കമിടുകയും ചെയ്തുവെന്നാണ് കല്യാൺ ബാനർജിയുടെ വാദം. താൻ അതിനനുസൃതമായാണ് പ്രതികരിച്ചത്. അവർ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ അടുത്ത് ചെന്ന് തന്നെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ബാനർജി ആരോപിച്ചു. ഈ സ്ത്രീക്ക് രാഷ്ട്രീയത്തിൽ മോദിയും അദാനിയും ഒഴികെ മറ്റൊരു പ്രശ്‌നവുമില്ല. മറ്റൊരു ബിജെപി നേതാവിനെയും അവർ ഒരിക്കലും വെല്ലുവിളിക്കുന്നില്ല. പേര് പരാമർശിക്കാതെ ബാനർജി കുറ്റപ്പെടുത്തി. തന്റെ അറസ്റ്റ് ആവശ്യപ്പെടാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ടായി? അവർ ആരാണെന്നും കല്യാൺ ചോദിച്ചു.
'AITC MP 2024' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ളതായി പറയപ്പെടുന്ന സ്‌ക്രീൻഷോട്ടുകളാണ് അമിത് മാളവ്യ പുറത്തുവിട്ടിരിക്കുന്നത്. കല്യാൺ ബാനർജി ലോക്‌സഭാ എംപി കീർത്തി ആസാദിനെതിരെ ആഞ്ഞടിക്കുന്നതും അന്താരാഷ്ട്ര വനിതയെന്ന് വിശേഷിപ്പിച്ച് മറ്റൊരാളെ പരിഹസിക്കുന്നതും ചാറ്റിലുണ്ട്.
ബഹുമുഖ പ്രതിഭയായ അന്താരാഷ്ട്ര വനിതയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആ മാന്യനെ താൻ അഭിനന്ദിക്കുന്നു. അന്ന് അവരുടെ ഒരു കാമുകൻ പോലും അവരുടെ പിന്നിൽ നിന്നില്ല. ബിഎസ്എഫ് അറസ്റ്റ് ചെയ്യണമെന്ന് അവർ(വനിത) ആഗ്രഹിച്ച ആ വിഡ്ഢിയായ മനുഷ്യൻ ഇന്ന് തന്നെ(ബാനർജി) അറസ്റ്റ് ചെയ്യാൻ അവരുടെ പിന്നിൽ നിൽക്കുന്നു. ബാനർജി വാട്സ് ആപ്പ് ഗ്രൂപ്പിൽ കുറിച്ചു.
ഇത് നിസ്സാരമായി എടുക്കൂവെന്നും കൊച്ചുകുട്ടികളേപ്പോലെ പെരുമാറരുതെന്നും കല്യാണിന് കീർത്തി ആസാദ് മറുപടി നൽകിയതും ചാറ്റിലുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ് ദീദി നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ മുതിർന്നവരെപ്പോലെ പ്രവർത്തിക്കൂവെന്നും കീർത്തി ആസാദ് കല്യാൺ ബാനർജിയോട് പറയുന്നു.
ആരാണ് 'ബഹുമുഖ അന്താരാഷ്ട്ര വനിത'? എന്ന ചോദ്യത്തോടെയാണ് അമിത് മാളവ്യ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. മഹുവ മൊയ്ത്രയെ കുറിച്ചാണ് കല്യാൺ സംസാരിക്കുന്നതെന്ന തരത്തിലും ചർച്ച നടക്കുന്നുണ്ട്. അതേസമയം മമത ബാനർജി എംപിമാരോട് ശാന്തരാകാനും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാതിരിക്കാനും ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: fight between TMC MPs in Delhi, caught on camera and leaked WhatsApp chats
Published: 08 Apr 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented