കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി, മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ രംഗത്തെത്തി. തന്നെയോ അതോ അഭിഷേക് ബാനർജിയെയോ, ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണമെന്ന് കല്യാൺ ബാനർജി വ്യക്തമാക്കി. അഭിഷേക് ബാനർജിയില്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് മമത കരുതുന്നതെങ്കിൽ, താൻ പാർട്ടിയിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

താൻ എപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് ആവർത്തിച്ച കല്യാൺ ബാനർജി, പക്ഷേ, പാർട്ടി നേതൃത്വത്തിന് ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നിരിക്കുകയാണെന്ന് സൂചിപ്പിച്ചു. ഞാൻ മമതയ്ക്കൊപ്പമുണ്ട്. എന്നാൽ അഭിഷേകിനെ വേണോ എന്നെ വേണോ എന്ന് മമതയാണ് ഇനി തീരുമാനിക്കേണ്ടത്- കല്യാൺ ബാനർജി പറഞ്ഞു. വാർത്താലേഖകരോട് സംസാരിക്കവെയാണ് ശ്രീറാംപുരിൽനിന്നുള്ള എം.പിയായ കല്യാൺ ബാനർജി ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.

അഭിഷേക് ബാനർജി ഇല്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് മമത കരുതുന്നതെങ്കിൽ താൻ പാർട്ടിയിൽ തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിഷേക് ബാനർജിയുടെ അഹങ്കാരമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് കല്യാൺ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അഭിഷേക് സ്വയം ഒരു രാജാവാണെന്ന് കരുതുന്നുവെന്നും മുതിർന്ന നേതാക്കളെ ബഹുമാനിക്കാൻ അദ്ദേഹത്തിന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം മനോഭാവം കാരണം പാർട്ടി തകരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയിൽനിന്ന് എം.പി.മാർ കൂട്ടത്തോടെ രാജിവെക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനുപിന്നാലെ ഇരുപതോളം എം.പി.മാർ തൃണമൂൽ വിട്ട് എൻ.ഡി.എ.യിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ സുഷ്മിത ദേവ്, പ്രകാശ് ബാരായിക് എന്നിവർ തങ്ങളുടെ രാജ്യസഭാ അംഗത്വം രാജിവെക്കുകയും ചെയ്തു.