പട്‌ന: ഭാവിയില്‍ അയോധ്യയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്രവുമായും ഭൂമിയുമായും ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും. പുതിയതായി ക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുക. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയിലുള്ള രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. 

രാം ജന്മഭൂമി പോരാട്ടം സുപ്രീം കോടതിയിലുള്‍പ്പെടെ വളരെക്കാലം നീണ്ടുനിന്നതാണ്. ഇക്കാര്യം ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കും വരുന്ന തലമുറയിലുള്ളവര്‍ക്കും ഒരു പാഠമാണ്. ക്ഷേത്രത്തേപ്പറ്റിയുള്ള ഓരോ കാലത്തെയും വിവരങ്ങള്‍ പ്രത്യേക പേടകത്തില്‍ വെച്ച് ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിക്ക് 2000 അടി താഴെ സ്ഥാപിക്കും. 

ഭാവിയില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ക്ഷേത്രത്തേപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ അറിയാന്‍ ഇത് പുറത്തെടുക്കുന്നതിലൂടെ ഉപകരിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപല്‍ പറയുന്നു. ചെമ്പില്‍ നിര്‍മിച്ച പേടകത്തിനകത്തായിരിക്കും ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ വിവിധ പൂണ്യസ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും പുണ്യനദികളില്‍ നിന്നുള്ള ജലവും ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കുമെന്നും കാമേശ്വര്‍ ചൗപല്‍ പറഞ്ഞു. ആ നദികളിലെ ജലം അഭിഷേകത്തിന് ഉപയോഗിക്കും.

ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമന്‍ സന്ദര്‍ശിച്ച പൗരാണിക ഭാരതത്തിലെ പ്രദേശങ്ങളെന്ന് കരുതുന്ന സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും ജലവുമാണ് അയോധ്യയിലെത്തിക്കുക.

Content Highlights: Time Capsule To Be Kept 2,000 Feet Under Ram Temple In Ayodhya: Official