
കൊൽക്കത്ത: യുനെസ്കോയുടെ ലോക പൈതൃകപദവി ലഭിച്ചതിനോടനുബന്ധിച്ച് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽനിന്ന് രവീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കി. ചാൻസലർകൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി, വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി എന്നിവരുടെ പേരുകൾ മാത്രമാണ് ഫലകത്തിലുള്ളത്. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ശാന്തിനികേതന്റെ പരമാധികാരിയായി വൈസ് ചാൻസലർ സ്വയം അവരോധിച്ചിരിക്കുകയാണെന്ന് ടാഗോർ കുടുംബാംഗവും ആശ്രമവാസിയുമായ സുപ്രിയ ടാഗോർ വിമർശിച്ചു. “ഇത്തരത്തിലൊരു നടപടി ഇവിടെ കേട്ടുകേഴ്‌വിയില്ലാത്തതാണ്. രവീന്ദ്രനാഥ ടാഗോർ എന്നൊരു വ്യക്തി ഇവിടെയുണ്ടായിരുന്നെന്നുപോലും അദ്ദേഹം മറന്നിരിക്കുന്നു’’ -സുപ്രിയ പറഞ്ഞു. മുമ്പൊരിക്കലും വിശ്വഭാരതിയിൽ വി.സി.യുടെ പേരുവെച്ച ഫലകം സ്ഥാപിച്ചിട്ടില്ലെന്ന് സർവകലാശാല മുൻജീവനക്കാരനും ശാന്തിനികേതൻ വാസിയുമായ അനിൽ കോനാർ പ്രതികരിച്ചു.
ടാഗോറിന്റെ പേര് ഒഴിവാക്കി സ്വന്തം പേര് എഴുതിവെച്ച വി.സി.യുടെ നാണംകെട്ട നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് വിശ്വഭാരതിയിലെ അധ്യാപകസംഘടനാ നേതാവായ സുദീപ്ത ഭട്ടാചാര്യ പറഞ്ഞു. ഫലകത്തിൽ തന്റെ പേരുവെക്കാൻ പ്രധാനമന്ത്രി അനുമതി നൽകിയിരുന്നോ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കണം. ഫലകം സ്ഥാപിച്ച സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ശാന്തിനികേതൻ ട്രസ്റ്റിനോ പി.ഡബ്ള്യു.ഡി.ക്കോ ആണ്. നിയമവിരുദ്ധമായാണ് വി.സി. ഇവിടെ സ്വന്തം പേരുവെച്ച ഫലകം സ്ഥാപിച്ചത് -സുദീപ്ത ആരോപിച്ചു.
യുനെസ്കോയുടെ അംഗീകാരം ലഭിച്ചതിന്റെ കീർത്തിമുഴുവൻ പ്രധാനമന്ത്രിയും വൈസ് ചാൻസലറും കവർന്നെടുക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി. ജവഹർ സിർകാർ ആരോപിച്ചു.
വി.സി. വിദ്യുത് ചക്രവർത്തിയെ തത്‌സ്ഥാനത്തുനിന്ന് ഉടൻ നീക്കണമെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വി.സി.യുടെ ശുപാർശയെത്തുടർന്ന് ഒരു സുപ്രധാന അന്താരാഷ്ട്ര ഗവേഷണപദ്ധതിയിൽനിന്ന് തന്നെ ഒഴിവാക്കിയതിനെതിരേ പ്രൊഫ. മാനസ് മൈത്തി നൽകിയ പരാതിയിലാണ് ഉത്തരവ്. വി.സി. സർവകലാശാലയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ബോധ്യമായെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: There is no Tagore in the Visva-Bharati plate, Instead there is Modi and V.C
Published: 22 Oct 2023, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented