ഹൈദരാബാദ്: തൊഴിൽരംഗത്ത് വൻമാറ്റംകുറിച്ച് തെലങ്കാന സർക്കാർ. ഇനിമുതൽ തൊഴിലാളികൾക്ക് വേതനം കറൻസിയായി നൽകുന്നത് നിരോധിച്ചു. പകരം ബാങ്ക് അക്കൗണ്ടുകൾ വഴിയോ ചെക്ക് മുഖേനയോ മാത്രമേ ശമ്പളം നൽകാവൂ. ഒപ്പം ഗിഗ് തൊഴിലാളികൾ, ഇ-കൊമേഴ്സ് ജീവനക്കാർ എന്നിവരെ മിനിമം വേതനപരിധിയിൽ കൊണ്ടുവന്നു. കേന്ദ്രസർക്കാരിന്റെ 2019-ലെ വേതന കോഡ് അടിസ്ഥാനമാക്കിയാണ് പരിഷ്‌കാരം. ഇതോടെ 1948-ലെ പഴയ മിനിമം വേതനനിയമം തെലങ്കാനയിൽ ഇല്ലാതായി.

To advertise here,

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിന് മിനിമം വേതനവും പുതുക്കി. നഗര, ഗ്രാമ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് സോണുകളുടെ അടിസ്ഥാനത്തിലാണ് മിനിമം വേതനം കണക്കാക്കുക. ഒപ്പം തൊഴിലാളികളെ അൺ സ്‌കിൽഡ്, സെമി-സ്‌കിൽഡ്, സ്‌കിൽഡ്, ഹൈ സ്‌കിൽഡ് എന്നിങ്ങനെയും തരംതിരിച്ചു.

ശുപാർശയിൽ പറയുന്നത്

നിലവിൽ തൊഴിലാളികൾക്ക് നൽകുന്ന വേതനം പുതുതായി നടപ്പാക്കിയ മിനിമം വേതനത്തേക്കാൾ കൂടുതലാണെങ്കിൽ, ഉയർന്നവേതനം നൽകുന്നത് തുടരണം. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തൊഴിലാളി ജോലിചെയ്യുന്നുണ്ടെങ്കിൽ ഇരട്ടിവേതനം നൽകണം. ലിംഗവിവേചനമില്ലാതെ വേതനം നൽകണം.