പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം ശേഷിക്കേ കര്‍ഷകരെയും സ്ത്രീകളെയും ലക്ഷ്യംവെച്ച് വലിയ പ്രഖ്യാപനങ്ങളുമായി ആര്‍ജെഡി നേതാവും മഹാഗഢ്ബന്ധന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. സഖ്യം അധികാരത്തിലെത്തുന്ന പക്ഷം താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് മുന്നൂറുരൂപയും ഗോതമ്പിന് ക്വിന്റലിന് നാനൂറുരൂപയും വീതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളുടെയും പ്രൈമറി മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും അധ്യക്ഷസ്ഥാനത്തുള്ളവര്‍ക്ക് ജനപ്രതിനിധികളുടെ സ്ഥാനം നല്‍കുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ മകരസംക്രാന്തിദിനമായ ജനുവരി പതിനാലിന് മായി ബഹിന്‍ മാന്‍ യോജന പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ഒരുകൊല്ലത്തേക്കുള്ള മുപ്പതിനായിരം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും തേജസ്വി പറഞ്ഞു.

അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നതാണ് മായി ബഹിന്‍ മാന്‍ യോജന. ഡിസംബര്‍ ഒന്നാംതീയതി മുതലാണ് പദ്ധതി ആരംഭിക്കുക. പ്രതിവര്‍ഷം മുപ്പതിനായിരം രൂപ വീതം അടുത്ത അടുത്ത അഞ്ചുകൊല്ലത്തേക്കും നല്‍കും.

243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്ക് രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറാം തീയതിയും രണ്ടാംഘട്ടം 11-ാം തീയതിയും നടക്കും. 14-നാണ് വോട്ടെണ്ണല്‍.