ചെന്നൈ: തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയിലെത്തിയതായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ധവളപത്രം. സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടം മാത്രം ഏകദേശം 10 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ധനമന്ത്രി എൻ. മേരി വിൽസൺ ആണ് സംസ്ഥാനത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഈ സാമ്പത്തിക പരിശോധന.

To advertise here,

കഴിഞ്ഞ അഞ്ച് വർഷത്തെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്റെ ഭരണകാലത്താണ് കടബാധ്യത ഇരട്ടിയായി വർദ്ധിച്ചതെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. നിലവിലെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ ജനിക്കുന്ന ഓരോ കുഞ്ഞും 1.28 ലക്ഷം രൂപയുടെ കടബാധ്യതയുമായാണ് ജനിച്ചു വീഴുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടം 4.8 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 10 ലക്ഷം കോടി രൂപയായാണ് കുതിച്ചുയർന്നത്. ഓഫ് ബജറ്റ് വായ്പകളും ഗ്യാരണ്ടികളും മറ്റ് ബാധ്യതകളും കൂടി ചേർത്താൽ സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ഭാരം 13.18 ലക്ഷം കോടി രൂപയാകും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഉണ്ടായ ആകെ കടത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം സംസ്ഥാനം വരുത്തിവെച്ച കടമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

കടമെടുത്ത തുകയുടെ വലിയൊരു ഭാഗം പാലങ്ങൾക്കോ റോഡുകൾക്കോ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുന്നതിന് പകരം സർക്കാർ ദൈനംദിന ചിലവുകൾക്കായാണ് വിനിയോഗിച്ചതെന്ന് ധനമന്ത്രി മേരി വിൽസൺ ആരോപിച്ചു. ഇത് സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക അടിത്തറയെ തകർക്കുന്ന രീതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

തമിഴ്‌നാടിന്റെ കടം-ജിഎസ്ഡിപി അനുപാതം 28.2 ശതമാനമായി ഉയർന്നു. സർക്കാർ സമ്പാദിക്കുന്ന ഓരോ രൂപയിലും 22.8 പൈസ പലിശ അടയ്ക്കാനാണ് നിലവിൽ ഉപയോഗിക്കുന്നത്. ജിഎസ്ടി വരുമാനത്തിലെ വളർച്ചാ നിരക്ക് 5.45 ശതമാനം മാത്രമാണെന്നും ഇത് വർദ്ധിച്ചുവരുന്ന പലിശ തിരിച്ചടവിനും ചിലവുകൾക്കും ഒട്ടും പര്യാപ്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ കടം അനുവദനീയമായ പരിധിക്കുള്ളിലാണെന്നും ഗവൺമെന്റിന് മതിയായ സാമ്പത്തിക സ്രോതസ്സുകളുണ്ടെന്നും എം.കെ. സ്റ്റാലിൻ നേരത്തെ പ്രതികരിച്ചിരുന്നു. കാര്യക്ഷമമായി ഭരിക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്നും അദ്ദേഹം വിജയുടെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.