മധുരൈ: തമിഴ്നാട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യ അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തത്. മധുര എം.പിയും സി.പി.എം. നേതാവുമായ എസ്. വെങ്കടേശനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
നേരത്തെ സി.പി.എം. കൗണ്‍സിലറായ വിശ്വനാഥന്‍ എന്നയാള്‍ ഒരു ശുചീകരണത്തൊഴിലാളിയെ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടുവെന്നും സൂര്യ ആരോപിച്ചിരുന്നു. സംഭവത്തെ ശക്തമായി വിമര്‍ശിച്ച സൂര്യ, വെങ്കടേശന്‍ എം.പിയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
തുടർന്ന് എം.പി. വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നും സാമൂഹിക പ്രശ്നങ്ങളിലുള്ള ഇരട്ടത്താപ്പാണിതെന്നും ആരോപിച്ച് സൂര്യ ട്വിറ്ററിൽ വിമർശനമുന്നയിക്കുകയും ചെയ്കിരുന്നു. എന്നാൽ ജില്ലയിൽ ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് മധുര പോലീസ് വ്യക്തമാക്കി.ഇതിനുപിന്നാലെ എം.പിയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. പരാതിപ്പെടുകയായിരുന്നു.
അറസ്റ്റിനെ അപലപിച്ച ബി.ജെ.പി., സാമൂഹിക പ്രശ്‌നങ്ങളില്‍ ഡി.എം.കെയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചതിനാണ് സൂര്യയെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു. വിമര്‍ശനങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്ത ഡി.എം.കെ. നേതൃത്വം വിമര്‍ശനമുന്നയിക്കുന്നവരെ അറസ്റ്റിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവണത തമിഴ്‌നാട്ടിലുണ്ട്. അഭിപ്രായ സംരക്ഷകരായി സ്വയം അവതരിപ്പിക്കുകയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന ഇരട്ടനയം അധികനാള്‍ നിലനിന്നുപോകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി. അറസ്റ്റിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വിലക്കാണ് എസ്.ജി സൂര്യയുടെ അറസ്റ്റ് എന്ന് മന്ത്രി കുറ്റപ്പെടുത്തി.
ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി നല്‍കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തമിഴ്‌നാട് എക്‌സൈസ്-വൈദ്യുത വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റ്. ബാലാജിയുടെ അറസ്റ്റിനു പിന്നാലെ ബി.ജെ.പിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാനാണ് ശ്രമമെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും അത് നേരിടാന്‍ കഴിഞ്ഞേക്കില്ല എന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Content Highlights: tamil nadu bjp state secretary sg suryah arrested days after senthil balajis ed arrest
Published: 17 Jun 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented