ന്യൂഡല്‍ഹി: രാജ്യത്തുനിന്നു തീവ്രവാദത്തെ തുടച്ചുനീക്കാന്‍ താലിബാന്‍ പാകിസ്താന് മികച്ച ഉദാഹരണമായിരിക്കുമെന്ന് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തങ്ങളുടെ രാജ്യത്തുനിന്നു ഭീകരരെ പൂര്‍ണമായും തുടച്ചുനീക്കിയെന്നും പാകിസ്താനും താലിബാനെപ്പോലെ സമാധാനത്തിന്റെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മുത്തഖി പാകിസ്താന് ഇത്തരത്തിലൊരു സന്ദേശം നല്‍കിയത്.

To advertise here,

'ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ വളരെക്കാലമായി അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താലിബാന്‍ എല്ലാ ഭീകരരെയും തുടച്ചുനീക്കി. പാക്കിസ്താനും സമാധാനത്തിന്റെ ഇതേ പാത പിന്തുടരണം.' അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.

'ഭീകരരില്‍ ഒരാള്‍ പോലും ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ ഇല്ല. ഒരിഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലുമില്ല. ഞങ്ങള്‍ 2021-ല്‍ സൈനിക നടപടി നടത്തിയ അഫ്ഗാനിസ്താന്‍ ഇപ്പോള്‍ പൂര്‍ണമായും മാറിയിരിക്കുന്നു.'  വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം  മുത്തഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'സമാധാനത്തിനായി അഫ്ഗാനിസ്താന്‍ ചെയ്തതുപോലെ മറ്റ് രാജ്യങ്ങളും ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കട്ടെ.'  മുത്തഖി പറഞ്ഞു.

അഫ്ഗാനിസ്താനുമായി ഇന്ത്യ പൂര്‍ണ്ണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചുവെന്നതാണ് മുത്തഖിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കിയത്. കാബൂളിലെ ടെക്‌നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തുമെന്നും, അയല്‍രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യക്ക് അതീവ താല്‍പ്പര്യമുണ്ടെന്നും മുത്തഖിയുമായുള്ള കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍, കാബൂളില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചും മുത്തഖി സംസാരിച്ചു, ഇതിന് പിന്നില്‍ പാക്കിസ്താനാണെന്നും അദ്ദേഹം ആരോപിച്ചു.

'അതിര്‍ത്തിക്കടുത്തുള്ള വിദൂര പ്രദേശങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ട്. പാക്കിസ്താന്റെ ഈ നടപടി തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രശ്നങ്ങള്‍ ഇങ്ങനെ പരിഹരിക്കാനാവില്ല. ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കണം. 40 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്താനില്‍ സമാധാനവും പുരോഗതിയും ഉണ്ടായിരിക്കുന്നു. അതില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകേണ്ടതില്ല. അഫ്ഗാനിസ്താന്‍ ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യമാണ്. ഞങ്ങള്‍ക്ക് സമാധാനമുള്ളപ്പോള്‍ ആളുകള്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്?' അദ്ദേഹം പറഞ്ഞു.

അഫ്ഗാനികളുടെ ധൈര്യത്തെ പരീക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'അഫ്ഗാനികളെ ബുദ്ധിമുട്ടിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം. അഫ്ഗാനിസ്താനുമായി കളിക്കുന്നത് നല്ലതല്ലെന്ന് അവര്‍ വിശദീകരിക്കും.' മന്ത്രി പറഞ്ഞു.

ഇസ്ലാമാബാദുമായി നല്ല ബന്ധമാണ് കാബൂളും ആഗ്രഹിക്കുന്നത്, എന്നാല്‍ അത് ഏകപക്ഷീയമാകാന്‍ കഴിയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അഫ്ഗാനിസ്താനില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തിന് ശേഷം ആദ്യമായി സഹായത്തിനെത്തിയത് ന്യൂഡല്‍ഹിയാണെന്ന് പറഞ്ഞ് അദ്ദേഹം പ്രശംസിച്ചു.

'ഇന്ത്യയെ ഒരു അടുത്ത സുഹൃത്തായാണ് അഫ്ഗാനിസ്താന്‍ കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ അധിഷ്ഠിതമായ ബന്ധമാണ് അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും അഫ്ഗാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു കൂടിയാലോചനാ സംവിധാനം ഉണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' മന്ത്രി പറഞ്ഞു.

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ കൂടുതല്‍ സഹകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

'ഇന്ത്യയും അഫ്ഗാനിസ്താനും യുഎസുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തണം. ഈ വഴി ഉപയോഗിക്കേണ്ടത് നമ്മള്‍ രണ്ടുപേരുടെയും ആവശ്യമാണ്. വര്‍ധിച്ചുവരുന്ന വ്യാപാരത്തിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ വ്യാപാരപാതകളും തുറന്നിരിക്കണം. പാത അടച്ചാല്‍ അത് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കും.' താലിബാന്‍ മന്ത്രി പറഞ്ഞു.