ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്‌വാന്‍. ഡി4 ( ഡിറ്റക്ട്, ഡിറ്റര്‍, ഡിസ്ട്രോയ്) ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്‌വാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇതിന്റെ കാര്യക്ഷമത വ്യക്തമായിരുന്നു. പാകിസ്താന്‍ അയച്ച തുര്‍ക്കി നിര്‍മിത ഡ്രോണുകളും കാമിക സി ഡ്രോണുകളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ പതിക്കുന്നത് തടയാന്‍ സഹായിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധാനമാണ് ഡി4.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്( ബെല്‍), സെന്‍ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നത്. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന തായ്‌വാനേപ്പോലൊരു രാജ്യം ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ മേന്മയാണ് കാണിക്കുന്നത്.
ഇന്ത്യയേ പോലെ ചൈനീസ് അതിക്രമങ്ങള്‍ നേരിടുന്ന രാജ്യമാണ് തായ്‌വാന്‍. ഏക ചൈന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തായ്‌വാനെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രകോപനപരമായി നീങ്ങുന്ന ചൈനയുടെ സൈനിക നടപടികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ നടത്തിയ കൂട്ട ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിര്‍വീര്യമാക്കിയിരുന്നു. പാകിസ്താന്‍ അയച്ച നൂറുകണക്കിന് ഡ്രോണുകള്‍ ഒരെണ്ണം പോലും ഇന്ത്യയില്‍ പതിച്ചില്ല. ഈ സവിശേഷത കണ്ടാണ് തായ്വാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ഡ്രോണുകളുടെ ഇലക്ട്രോണിക് സംവിധാനത്തെ ശക്തമായ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കുകയും അവയുടെ ഗതിനിര്‍ണയ സംവിധാനത്തെ തെറ്റിധരിപ്പിക്കുകയും ചെയ്യും. 360 ഡിഗ്രി സുരക്ഷയാണ് ഡി4 സംവിധാനം ഉറപ്പുനല്‍കുന്നത്. ഇതിന് പുറമെ ഡിആര്‍ഡിഒയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഹൈ എനര്‍ജി സിസ്റ്റംസ് ആന്‍ഡ് സയന്‍സ് ( ചെസ്സ്) വികസിപ്പിച്ച ലേസര്‍ ആയുധത്തിലും തായ്‌വാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ഔദ്യോഗികമായി തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൈനയുടെ അവകാശവാദമാണ് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് തായ്‌വാനുമായി വ്യാപാര ബന്ധവും ചെറിയ നയതന്ത്ര ബന്ധവുമുണ്ട്. ഇന്ത്യ- തായ്‌പേയ് അസോസിയേഷന്‍ എന്നപേരില്‍ ഔദ്യോഗികമല്ലാത്ത നയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ തന്നെ ആയുധ വില്‍പ്പന ഒരു നയതന്ത്ര വിഷയമായി മാറാനുള്ള സാധ്യതയുണ്ട്.
തായ്‌വാനുമായി ആയുധ ഇടപാട് തുടങ്ങണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് വന്നിരുന്നുവെങ്കിലും അക്കാര്യത്തില്‍ വിവിധ സര്‍ക്കാരുകള്‍ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തായ്‌വാന്‍ നേരിട്ട് ഡി4 സംവിധാനം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയ്‌ക്കെതിരെ പാകിസ്താനും ബംഗ്ലാദേശിനുമൊക്കെ ആയുധം ചൈന നല്‍കുന്നുണ്ട്. അതിനാല്‍ ചൈനയ്ക്ക് ഒരു മുന്നറിയിപ്പെന്ന വണ്ണം തായ്‌വാനുമായുള്ള ബന്ധത്തില്‍ മാറ്റം വന്നേക്കും.
പ്രത്യേകിച്ച് തായ്‌വാന്റെ വ്യോമാതിര്‍ത്തിയും സമുദ്രാതിര്‍ത്തിയുമൊക്കെ നിരന്തരം ചൈനീസ് ഡ്രോണുകള്‍ ഭേദിക്കുന്നുണ്ട്. രഹസ്യനിരീക്ഷണവും മറ്റും നടത്തി മടങ്ങുന്ന ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ തായ്‌വാന് അധികമില്ല. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലെ ഡി4 സംവിധാനത്തിന്റെ പ്രകടനമികവ് ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതാണ് തായ്‌വാനെ ഇന്ത്യയിലേക്ക് ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്.
നിലവില്‍ അര്‍മേനിയയും വിയറ്റ്‌നാമും ഡി4ല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൂന്ന് സേനകളും ഉപയോഗിക്കുന്ന ഡി4 സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിച്ചും ഒരിടത്ത് സ്ഥിരമായി സ്ഥാപിച്ചുമൊക്കെ ഉപയോഗിക്കാം. ആഭ്യന്തരമായും വിവിധ രാജ്യങ്ങളില്‍ നിന്നും ആവശ്യവും അന്വേഷണവുമൊക്കെ വന്നതോടെ കൂടുതല്‍ ഉത്പാദനത്തിനായി നിര്‍മാണ ശേഷി കൂട്ടാനൊരുങ്ങുകയാണ് ബെല്‍.
Content Highlights: Taiwan expresses interest in India`s indigenously developed D4 drone defence system
Published: 06 Jun 2025, 07:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented