ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തില്‍ ആഹ്‌ളാദിച്ച് നൃത്തംചെയ്ത ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി സിങ്ങിനെ വിമര്‍ശിച്ച് സ്വാതി മലിവാള്‍ എംപി. എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെയാണ് സ്വാതി പ്രതികരിച്ചത്. 

To advertise here,

എന്തൊരു നാണമില്ലാത്ത പ്രകടനമാണിത്? പാര്‍ട്ടിയും വലിയ നേതാക്കളും പരാജയപ്പെട്ടു. അതിഷി മര്‍ലേന ഇങ്ങനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്, സ്വാതി എക്‌സില്‍ കുറിച്ചു. 

കല്‍ക്കാജി മണ്ഡലത്തില്‍ മത്സരിച്ച അതിഷി 52154 വോട്ടുകള്‍ നേടി ബി.ജെ.പിയുടെ രമേഷ് ബിദൂരിയയെയാണ് തോല്‍പ്പിച്ചത്. 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി ജയിച്ചത്. 

അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദര്‍ ജെയ്ന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എഎപിയുടെ മുന്‍നിര നേതാക്കള്‍. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്.