
ഗൂഡല്ലൂർ: ഈ ശൗചാലയത്തിൽ കയറിയാൽ എങ്ങനെ ഉപയോഗിക്കുമെന്നറിയാതെ മൊത്തത്തിൽ ‘കൺഫ്യൂഷനായി’പ്പോവും. ഉപയോഗിക്കാനാണോ കാഴ്ചയ്ക്കുണ്ടാക്കിയതാണോ എന്ന് ആളുകൾ സംശയിച്ചാലും തെറ്റില്ല. നെല്ലിയാളം നഗരസഭയിലെ ദേവാല ബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്താണ് ഒരുമുറിയിൽത്തന്നെ മറപോലുമില്ലാതെ രണ്ടുടോയ്ലെറ്റുകൾ ഒരുമിച്ച് പണിതത്.
വൃത്തിഹീനമായിരുന്നു ഇവിടത്തെ ശൗചാലയം. ദിനംപ്രതി ഒട്ടേറെ പേരെത്തുന്ന ടൗണിൽ പൊതുശൗചാലയം ഉപയോഗ്യമാക്കാൻ അവരൊത്തു പിടിച്ച് നിവേദനം നൽകി. യാത്രക്കാരും വ്യാപാരികളും ഡ്രൈവർമാരുമുൾപ്പെടെ എല്ലാവരും ഒപ്പിട്ടു നൽകി. ഇതനുസരിച്ച് നെല്ലിയാളം നഗരസഭ ശൗചാലയം നന്നാക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ടോയ്ലെറ്റ് പൂർത്തിയാക്കി ഉപയോഗത്തിന് തയ്യാറായി. എന്നാൽ, ആർക്കു തെറ്റിയതാണെന്നോ പദ്ധതിയിലിങ്ങനെയൊക്കെ ഉണ്ടായിരുന്നോ എന്നൊക്കെ അറിയാനുള്ള തത്രപ്പാടിലായി പിന്നെ ജനം. സംഗതി, രണ്ടുപേർക്ക് കയറാം. വാതിലില്ല, രണ്ടു ക്ലോസറ്റുകൾക്കിടയിൽ ഒരു ചെറിയ തടസ്സം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഇതെങ്ങനെ സംഭവിച്ചുവെന്ന് നഗരസഭാധികൃതർക്കുമറിയില്ല.
ചിലർ ഇത് മൊബൈൽ ഫോണിൽ പകർത്തി. ഫോട്ടോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്രസർക്കാർ പണം പാഴാക്കുകയാണെന്ന് ആരോപണമുയർന്നുകഴിഞ്ഞു. ഒരേ മുറിയിൽ രണ്ടു ക്ലോസറ്റ് സജ്ജീകരിച്ച കരാറുകാരനെ തപ്പിയിറങ്ങിയിട്ടുമുണ്ട് നാട്ടുകാർ.
നിർമിച്ച കരാറുകാരനും അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയെടുക്കണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്.
Content Highlights: Swachh Bharat Scheme; Two closets in the same room
Published: 19 Nov 2022, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented