മുംബൈ: എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ഏക്‌നാഥ് ഷിന്ദേയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് സുപ്രിയ സുലെ. എൻസിപി (എസ്പി) എംപിയും ശരദ് പവാറിന്റെ മകളുമാണ് സുപ്രിയ.

To advertise here,

ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയിലെ ഷിന്ദേയുടെ ഓഫീസിലായിരുന്നു പവാർ-ഷിന്ദേ കൂടിക്കാഴ്ച നടന്നത്. ഇതിന് പിന്നാലെ ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് സുപ്രിയയുടെ പ്രതികരണം.

പവാർ-ഷിന്ദേ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉയർന്ന വിവാദത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് സുപ്രിയ വിശേഷിപ്പിച്ചത്. ‘അത് കേവലം ഒരു സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു. അതിൽ കൂടുതൽ ഒന്നുമില്ല’, സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി (എസ്പി)യിലെ ഒരു വിഭാഗം എൻഡിഎയ്‌ക്കൊപ്പം ചേരാനൊരുങ്ങുന്നെന്ന വിധത്തിലുള്ള റിപ്പോർട്ടുകളെയും അവർ നിരാകരിച്ചു. തങ്ങളുടെ എട്ട് എംപിമാരുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും തങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

പവാർ-ഷിന്ദേ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ശിവസേന (യുബിടി)യുടെ കടുത്ത പ്രതികരണത്തെക്കുറിച്ചും സുപ്രിയ അഭിപ്രായം പങ്കുവെച്ചു. അവരുടെ പ്രതികരണം തെറ്റിദ്ധാരണയെ തുടർന്നായിരുന്നെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തുമായി താൻ സംസാരിച്ചിരുന്നെന്നും ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.