ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെയുള്ള കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും പോലീസ്‌ അറിയിച്ചിരുന്നു. കോടതിയുടെ ഇടക്കാല  ഉത്തരവോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് ഇരുവര്‍ക്കും താത്കാലിക ആശ്വാസം ലഭിച്ചു. കേസ് സെപ്റ്റംബര്‍ 15 ന് വീണ്ടും പരിഗണിക്കും. 

To advertise here,

ഈ മാസം 22-ന് ഗുവാഹാട്ടി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് ആരോപണം. കേസിനെക്കുറിച്ച് മറ്റൊരു വിവരവും പോലീസ് പങ്കുവെച്ചിട്ടില്ല. ഓഗസ്റ്റ് 14-നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഥാപ്പറിന് കഴിഞ്ഞ തിങ്കളാഴ്ചയും. ഹാജരായില്ലെങ്കില്‍ അറസ്റ്റുചെയ്യുമെന്നും സമന്‍സിലുണ്ട്. 'ദ വയറി'ന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമാണ് സിദ്ധാര്‍ഥ് വരദരാജന്‍. 'ദ വയറി'ലാണ് ഥാപ്പറും.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ് വരദരാജിന്റെ പേരില്‍ ആദ്യം കേസെടുത്തിരുന്നു. എന്നാല്‍, ഓഗസ്റ്റ് 12-ന് അറസ്റ്റില്‍നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നല്‍കി. രാഷ്ട്രീയനേതൃത്വത്തിന്റെ പരിമിതികള്‍ കാരണം വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് ഡിഫന്‍സ് അറ്റാഷെ പറഞ്ഞുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് അസം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലായിരുന്നു ഇത്. ഇതിനുപിന്നാലെയാണ് കോടതി നിര്‍ദേശം മറികടന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

അസം പോലീസ് നടപടിയെ വിമര്‍ശിച്ച്  പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തെറ്റായ കാരണങ്ങളാല്‍ അസം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണെന്നും  കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യം അവരുടെ സ്വപ്നത്തിലെ അസം കെട്ടിപ്പടുക്കുന്ന ഒരു നേതൃത്വത്തെയാണെന്നും ഗൊഗോയ് എക്ലില്‍ കുറിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അസം പോലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എഫ്ഐആറിന്റെ പകര്‍പ്പോ കേസിന്റെ വിശദാംശങ്ങളോ നല്‍കിയിട്ടില്ല, അറസ്റ്റുചെയ്യുമെന്ന ഭീഷണി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത് -സ്റ്റാലിന്‍ പറഞ്ഞു. സംഭവത്തെ പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ് തുടങ്ങിയവയും അപലപിച്ചു.