ന്യൂഡല്‍ഹി: കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതിനല്‍കിയ കേരള ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ നടപടി ജുഡീഷ്യല്‍ സഭ്യതയ്ക്കും മര്യാദയ്ക്കും അച്ചടക്കത്തിനും നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പ് കേസിലെ പ്രതിയായ അനിത പി. നായരോട്, അടിയന്തരമായി പാസ്‌പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

To advertise here,

കേളമംഗലം നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ അനിതയ്ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അനിതയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഈ ഹര്‍ജിയില്‍ നോട്ടീസയച്ചശേഷം അനിതയ്ക്ക് പാസ്പോര്‍ട്ട് കൈമാറാനും ദുബായില്‍ സന്ദര്‍ശനം നടത്താനും അനുവദിച്ചുകൊണ്ട് മുന്‍കൂര്‍ജാമ്യവ്യവസ്ഥയില്‍ ഭേദഗതിവരുത്തിയ ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ മുന്‍ ഉത്തരവ് ഭേദഗതിചെയ്യണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വി.പി. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭേദഗതിക്കായി ഹൈക്കോടതിയെ സമീപിച്ചത് തങ്ങളില്‍നിന്ന് മറച്ചുവെച്ചതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ അത് അറിയിക്കണെമന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുതെന്നും അനിതയോട് നിര്‍ദേശിച്ചു.

അനിതയുടെ ഭര്‍ത്താവും മകനും ഇതിനോടകം രാജ്യംവിട്ട് പോയെന്ന് നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അമ്പതിലധികം കേസുകള്‍ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷിന് പുറമെ അഭിഭാഷകന്‍ ജോജി സ്‌കറിയെയും ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ആണ് ഹാജരായത്. അനിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ ബിജോ മാത്യു ജോയ് എന്നിവര്‍ ഹാജരായി.