
ന്യൂഡൽഹി: തെരുവുനായ കേസിലെ വാദത്തിനിടെ നടി ശർമിള ടാഗോറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. നടിയുടെ വാദങ്ങൾ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നായിരുന്നു സുപ്രീംകോടതി വെള്ളിയാഴ്ച വിമർശിച്ചത്. ആശുപത്രി പോലെയുള്ള ഇടങ്ങളിലെ തെരുവുനായ്ക്കളുടെ സാന്നിധ്യത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളെയും കോടതി ശകാരിച്ചു.
കേസിലെ വാദത്തിനിടെ എല്ലാ തെരുവുനായകളും അപകടകാരികളല്ലെന്ന വാദം സാധൂകരിക്കാനായി നടിയുടെ അഭിഭാഷകൻ എയിംസ് കാമ്പസിലെ 'ഗോൾഡി' എന്ന തെരുവുനായയെക്കുറിച്ച് വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദത്തിനെതിരേ രൂക്ഷമായാണ് കോടതി പ്രതികരിച്ചത്. ആ നായയെ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിലേക്കും കൊണ്ടുപോയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെരുവിലുള്ള ഏതൊരു നായയ്ക്കും രോഗം പടർത്തുന്ന ചെള്ളുകളുണ്ടാകും. ആശുപത്രിയിൽ ഇത്തരത്തിൽ ചെള്ളുള്ള നായ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അത് നിങ്ങൾക്ക് മനസിലായോ എന്നും കോടതി ചോദിച്ചു. നിങ്ങളുടെ വാദങ്ങളെല്ലാം യാഥാർഥ്യത്തിൽനിന്ന് പൂർണമായും അകന്നതാണ്. ആശുപത്രികളിലുള്ള ഇത്തരം നായകളെ ഒരിക്കലും മഹത്വവത്കരിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മനുഷ്യരെ കടിച്ച നായ്ക്കൾക്ക് കളർ കോഡുള്ള കോളറുകൾ ഘടിപ്പിക്കണമെന്ന നിർദേശവും സുപ്രീംകോടതി നിരസിച്ചു. ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കോളറുകൾ ഘടിപ്പിച്ചതായി ചൂണ്ടിക്കാട്ടിയാണ് മൃഗസ്നേഹികൾ ഈ വാദമുന്നയിച്ചത്. എന്നാൽ, ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ദയവുചെയ്ത് യാഥാർഥ്യബോധമുള്ള വാദങ്ങൾ പറയണമെന്നും കോടതി പറഞ്ഞു.
അതേസമയം, തെരുവുകളിൽനിന്ന് എല്ലാ നായ്ക്കളെയും നീക്കംചെയ്യാൻ ഉത്തരവിട്ടിട്ടില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ചയും ആവർത്തിച്ചു. എബിസി (അനിമൽ ബർത്ത് കൺട്രോൾ) ചട്ടപ്രകാരം തെരുവുനായകളെ കൈകാര്യം ചെയ്യണമെന്നാണ് നിർദേശിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.
Content Highlights: Supreme Court slams actress Sharmila Tagore`s arguments in stray dog case, stating they lack realism and warned against glorifying stray dogs in hospitals.
Published: 09 Jan 2026, 09:29 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented