
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നതുൾപ്പെടെ വോട്ടിങ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി മൂന്ന് നിർദേശങ്ങളായിരുന്നു അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയുടെ മുന്നിൽ അവതരിപ്പിച്ചത്. വി.വി.പാറ്റ് ഗ്ലാസ് പുറത്ത് നിന്നും വ്യക്തമായി കാണാൻ സാധിക്കുന്നതായിരിക്കണം. കൂടാതെ, വി.വി.പാറ്റ് സ്ലിപ്പുകൾ വോട്ടർമാർക്ക് നൽകാമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇപ്പോൾ തങ്ങളുടെ പ്രായം അറുപതുകളിലാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. രാജ്യത്ത് പേപ്പര്‍ ബാലറ്റുകളുണ്ടായിരുന്ന കാലത്ത് എന്താണ് സംഭവിച്ചിരുന്നതെന്ന് നിങ്ങൾ മറന്നതാണോയെന്നും അദ്ദേഹം പ്രശാന്ത് ഭൂഷണോട് ചോദിച്ചു. ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും പേപ്പർ ബാലറ്റിലേക്ക് മടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ജർമനിയുടെ ജനസംഖ്യ എത്രയാണെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
രാജ്യത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് വളരെയേറെ പ്രയാസകരമായൊരു കർത്തവ്യമാണ്. ജർമനിയും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാകില്ല. ജർമനിയേക്കാൾ വലിയ ജനസംഖ്യ ചെറിയൊരു സംസ്ഥാനമായ ബംഗാളിലുണ്ട്. നാം ആരെയെങ്കിലും വിശ്വസിക്കേണ്ടതുണ്ട്. എന്നാൽ, ഈ രീതിയിൽ സംവിധാനത്തെ തകർക്കാനുള്ള ശ്രമമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ) ഹർജി സമർപ്പിച്ചവരിൽ പ്രധാനി. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നിലവില്‍ ഏഴ് സെക്കന്‍ഡ് സമയം മാത്രമാണ് വി.വി.പാറ്റ് രസീത് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുക. ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തിയ ഉടന്‍ മെഷീന് ഉള്ളില്‍ പ്രത്യക്ഷപ്പെടുന്ന വി.വി.പാറ്റ് രസീത് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടര്‍ക്ക് വോട്ട് സ്ഥിരീകരിക്കാന്‍ കഴിയൂ. ഏഴ് സെക്കന്‍ഡിന് ശേഷം രസീത് താഴെ സജ്ജമാക്കിയ പെട്ടിയിലേക്ക് സ്വയം വീഴും.
Content Highlights: Supreme Court said on paper ballot
Published: 16 Apr 2024, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented