ന്യൂഡൽഹി: രാജ്യം ദുഷ്കരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് ഭാവനാത്മകമായ ആശയങ്ങളുമായി വരരുതെന്ന് റോഹിംഗ്യൻ അഭയാർഥികളോട് സുപ്രീംകോടതി. കേന്ദ്രസർക്കാർ 43 റോഹിംഗ്യൻ അഭയാർഥികളെ ബലമായി നാടുകടത്തി കടലിൽ ഉപേക്ഷിച്ചുവെന്നുകാട്ടിയുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശമുണ്ടായത്. നാടുകടത്തൽ നടപടി സ്റ്റേചെയ്യാനും ബെഞ്ച് വിസമ്മതിച്ചു. ഹർജിക്കാരനായ മുഹമ്മദ് ഇസ്മയിൽ കൊണ്ടുവന്നിരിക്കുന്ന തെളിവുകളുടെ ആധികാരികതയും സുപ്രീംകോടതി ചോദ്യംചെയ്തു. റോഹിംഗ്യകളെ കടലിൽ തള്ളിയെന്നു സ്ഥാപിക്കാൻ സാമൂഹികമാധ്യമങ്ങളിൽനിന്നെടുത്ത തെളിവുകൾ ഹാജരാക്കിയതിനെ കോടതി വിമർശിച്ചു. ഹർജിയുടെ പകർപ്പ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനായി അറ്റോർണി ജനറലിന് കൈമാറാൻ നിർദേശിച്ചുകൊണ്ട് കേസ് ജൂലായ് 31-ലേക്ക് മാറ്റി.
ഇന്ത്യയിലുള്ള റോഹിംഗ്യകളെ നാടുകടത്തണമെന്ന് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലുണ്ടായിരുന്ന റോഹിംഗ്യകളെ പോലീസ് ബലമായി അറസ്റ്റുചെയ്ത് അന്തമാനിലെ പോർട്ട് ബ്ലെയറിലേക്ക് വിമാനത്തിൽ കൊണ്ടുപോയെന്നാണ് ഹർജിക്കാരുടെ വാദം. തുടർന്ന്, കൈകൾകെട്ടിയും കണ്ണുമൂടിക്കെട്ടിയും നാവികസേനാകപ്പലിൽ കയറ്റിക്കൊണ്ടുപോയി കടലിൽ തള്ളിയെന്നും പറയുന്നു.
മ്യാൻമാറിൽ മതപീഡനം നേരിട്ട് പലായനംചെയ്ത റോഹിംഗ്യകളോട് എവിടേക്ക് പോകാനാണ് താത്പര്യമെന്ന് ചോദിച്ചപ്പോൾ ഇൻഡൊനീഷ്യയെന്നാണ് പറഞ്ഞതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവരെ മ്യാൻമാറിനടുത്തുള്ള കടലിലാണ് ഉപേക്ഷിച്ചതെന്ന് പരാതിയിൽ പറഞ്ഞു.
Content Highlights: Supreme Court questions evidence of Rohingya refugees` deportation at sea, adjourns hearing
Published: 17 May 2025, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented