ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളെ വിട്ടയച്ച നടപടിയില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഗുജറാത്ത് സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിക്കൊപ്പം പ്രതികളുടെയും ഹര്‍ജി സുപ്രീംകോടതി തള്ളിയിട്ടുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ കാലാവധിക്ക് മുമ്പ് വിട്ടയച്ച സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ പരാമര്‍ശങ്ങളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്.
'കുറ്റവാളികള്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിച്ചു'വെന്ന പരാമര്‍ശമാണ് പ്രധാനമായും നീക്കംചെയ്യണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുചിതവും കേസിന്റെ രേഖയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് ഇത് അംഗീകരിച്ചില്ല. റിവ്യൂ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ കോടതി ഉത്തരവില്‍ തെറ്റില്ലെന്നും തൃപ്തരാണെന്നും സുപ്രീംകോടതി അറിയിച്ചു. ഉത്തരവ് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു.
2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇളവ് ഉത്തരവ് റദ്ദാക്കുകയും 11 പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്ത വിധിയെ ചോദ്യംചെയ്ത് പ്രതികളിലൊരാളായ രമേഷ് രൂപഭായ് ചന്ദനയുടെ പുനഃപരിശോധനാ ഹര്‍ജിയും സംസ്ഥാനത്തിന്റെ ഹര്‍ജിക്കൊപ്പം കോടതി തള്ളി.
Content Highlights: Supreme Court rejects Gujarat govt plea to erase criticism in Bilkis Bano Judgment
Published: 26 Sept 2024, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented