ന്യൂഡല്‍ഹി: പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയോട് ചോദ്യങ്ങളുയര്‍ത്തി സുപ്രീംകോടതി. റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന ചോദ്യമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. 

To advertise here,

ഈ പാതയില്‍ 12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്പനിയും നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം കേട്ടപ്പോഴും കോടതി സമാനമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഹര്‍ജി വിധി പറയുന്നതിനായി സുപ്രീംകോടതി മാറ്റിവെക്കുകയും ചെയ്തു.

12 മണിക്കൂര്‍ ഗതാഗത കുരുക്കുണ്ടായ പത്രവാര്‍ത്ത ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ദേശീയ പാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊരു ദൈവഹിതമാണ്.  ഒരു ലോറി മറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

അടിപ്പാതകളുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ബദല്‍ മാര്‍ഗങ്ങളായി സര്‍വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും എന്നാല്‍ കാലവര്‍ഷം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ഈ ഘട്ടത്തില്‍, 65 കിലോമീറ്റര്‍ ദൂരത്തിന് ടോള്‍ നിരക്ക് എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ചോദിച്ചു. 150 രൂപയാണെന്ന് മറുപടി ലഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് വീണ്ടും ചോദ്യമുയര്‍ത്തി. 'റോഡിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുന്നുവെങ്കില്‍ എന്തിനാണ് ഒരാള്‍ 150 രൂപ നല്‍കുന്നത്?. ഒരു മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കേണ്ട ഒരു റോഡില്‍, 11 മണിക്കൂര്‍ അധികമെടുക്കുന്നു, എന്നിട്ട് ടോള്‍ നല്‍കുകയും വേണം' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ടോള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് പകരം ആനുപാതികമായ കുറവ് വരുത്തണമെന്ന് പറയുന്ന ഒരു വിധി നിലവിലുണ്ടെന്ന് ഈ സമയത്ത് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.