ന്യൂഡല്‍ഹി: ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിര്‍മിതികള്‍ പൊളിക്കുന്ന വിഷയത്തില്‍ അസം സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസയച്ച് സുപ്രീം കോടതി. കോടതികളുടെ മുന്‍കൂര്‍ അനുമതി കൂടാതെ പൊളിക്കല്‍ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. 

To advertise here,

വിഷയത്തില്‍ അസം സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. പൊളിക്കല്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വീടുകള്‍ പൊളിച്ചെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. മാത്രമല്ല, തങ്ങളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അസം അഡ്വക്കേറ്റ് ജനറല്‍ ഗുവാഹത്തി ഹൈക്കാടതിയില്‍ പറഞ്ഞത് നടപ്പായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കാംരൂപ് ജില്ലയിലെ കചുടോലി പതര്‍ ഗ്രാമത്തിനും പരിസരത്തുമുള്ള 47 വീടുകള്‍ പൊളിച്ചുനീക്കിയ സംഭവമാണ് ഇപ്പോള്‍ കോടതി കയറുന്നത്. സ്ഥലത്തിന്റെ യഥാര്‍ഥ ഉടമസ്ഥരുമായി കരാറില്‍ ഏര്‍പ്പെട്ടാണ് പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു. ഗോത്രവര്‍ഗക്കാരുടെ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചെന്ന സര്‍ക്കാര്‍ ആരോപണത്തെയും ഇവര്‍ തള്ളുന്നുണ്ട്. 

താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒരുമാസത്തെ സമയം അനുവദിക്കാതെയും ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാതെയുമാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കല്‍ നടത്തിയതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പൊതുവഴി, നടപ്പാത, റെയില്‍വേലൈനുകള്‍, ജലാശയങ്ങള്‍ എന്നിവ കയ്യേറിയത് ഒഴികെയുള്ള നിര്‍മാണങ്ങള്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊളിച്ചുനീക്കരുതെന്ന സുപ്രധാന വിധി സെപ്റ്റംബര്‍ 17-നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.