ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാറിലെ 81,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള ഐ.എൻ.എസ്. ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരം, 13,000 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക-സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഈ സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ വിമാനത്താവളം വരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിന്റെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു. സൈനിക ആവശ്യങ്ങൾക്കും സിവിലിയൻ വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനത്താവളം, മേഖലയിൽ ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ ശേഷിയും ശക്തമാക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന വിമാനത്താവളം നാവികസേനയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.

കാംബെൽ ബേയിലുള്ള ഐ.എൻ.എസ്. ബാസിലെ നിലവിലെ 4,500 അടി റൺവേ 10,000 അടിയായി നീട്ടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പുതിയ വിമാനത്താവളം എന്ന തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഭൂപ്രകൃതിയിലെ വെല്ലുവിളികളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടുന്നതിലെ ബുദ്ധിമുട്ടുകളും കാരണം ഐ.എൻ.എസ്. ബാസിന്റെ വികസനം ദുഷ്കരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നത് തദ്ദേശവാസികളുടെ ആവാസ കേന്ദ്രങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പുതിയ പദ്ധതിയെക്കാൾ കൂടുതൽ ആഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

മൊത്തം 81,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുടെ പ്രധാനപ്പെട്ട നാല് ഘടകങ്ങളിൽ ഒന്നാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന് പുറമെ ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ടൗൺഷിപ്പ് എന്നിവയും ഈ വികസന പാക്കേജിന്റെ ഭാഗമാണ്. തന്ത്രപ്രധാനമായ മലാക്ക കടലിടുക്ക് കപ്പൽപ്പാതയ്ക്ക് സമീപം, കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ പ്രതിരോധ അടിത്തറ ശക്തമാക്കുന്നതിൽ ഈ വിമാനത്താവളം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വിമാനത്താവളം സംബന്ധിച്ച പുതിയ പ്രഖ്യാപനം. പരിസ്ഥിതി അനുമതികൾ, സാമ്പത്തിക സുതാര്യത, ആദിവാസി അവകാശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഈ പദ്ധതിക്കെതിരെയുള്ള സമരം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. എന്നാൽ മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്നതിനും രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് സർക്കാരിന്റെ നിലപാട്.