ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറികൂടിയായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിർദേശം നൽകി. അതിനാൽ, നടനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് നിർബന്ധിതനായേക്കും.
സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് 2016-ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് അതിജീവതയുടെ പരാതി. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഒളിവിൽ കഴിയുന്ന നടനെ പിടികൂടാത്തതിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യങ്ങൾ ഉയർന്നു.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്കാതിരിക്കാന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടന് സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.
സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.
Content Highlights: Supreme Court granted interim protection from arrest Malayalam actor Siddique
Published: 30 Sept 2024, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented