ന്യൂഡൽഹി: സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവകാശപ്പെട്ട് ചേതന വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

To advertise here,

ചേലാകർമ്മം പ്രത്യേകമായി നിരോധിക്കുന്ന ഒരു സ്വതന്ത്രനിയമം നിലവിലില്ലെന്നും ഈ പ്രവൃത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 113, 118(1), 118(2), 118(3) എന്നീ വകുപ്പുകൾ പ്രകാരം ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നിലധികം കുറ്റങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. പോക്സോ നിയമപ്രകാരം വൈദ്യപരമായ കാരണങ്ങളില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് നിയമലംഘനമാണെന്നും ഹർജിയിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമായാണ് ലോകാരോഗ്യ സംഘടന ചേലാകർമ്മത്തെ തരംതിരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദമാക്കുന്നു.

സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നൽകുന്ന അടിസ്ഥാനപരമായ ഉറപ്പുകൾ ഈ പ്രവൃത്തി ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. അണുബാധ, പ്രസവസംബന്ധമായ പ്രശ്നങ്ങൾ, മറ്റ് ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിനാൽ ഈ ആചാരം ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്, ഹർജിയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.