ന്യൂ ഡല്‍ഹി: മാനേജ്മെന്റിനെതിരെ ജീവനക്കാര്‍ സ്‌കൂളിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സത്യാഗ്രഹം ഇരിക്കണമെങ്കില്‍ സ്‌കൂളില്‍നിന്ന് രാജിവയ്ക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ കല്ലിങ്ങല്‍പറമ്പ് എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജ്മെന്റ് ജീവനക്കാരനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

To advertise here,

ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അതേസമയം, സത്യാഗ്രഹം നടത്തുന്നത് പിരിച്ചുവിടലിന് തക്കതായ കാരണമാണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി സംസ്ഥാനസർക്കാരിന്‍റെ നിലപാട് തേടി.

മാനേജ്മെന്റ് അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് സ്‌കൂളിന് മുന്നില്‍ സത്യാഗ്രഹം ഇരുന്ന ലാബ് അസിസ്റ്റന്റ് കെ. ഷാഹുല്‍ ഹമീദിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍ വിദ്യാഭ്യാസ വകുപ്പും പിന്നീട് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഷാഹുല്‍ ഹമീദ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്‌കൂളിന് മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന സത്യാഗ്രഹം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അധ്യാപകര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും അച്ചടക്കം പാലിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിടണമെന്നും ഹമീദിന്റെ അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ വാദിച്ചു. 

സര്‍വീസില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകൂടി അറിയണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സത്യാഗ്രഹം നടത്തുന്നത് പിരിച്ചുവിടലിന് തക്കതായ കുറ്റമാണോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആബിദ് അലി ബീരാന് പുറമെ അഭിഭാഷാകന്‍ അബ്ദുള്ള നസീഹും ഹര്‍ജിക്കാരന് വേണ്ടി ഹാജരായി.