ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തെത്തുടർന്ന് രാജ്യത്ത് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയകക്ഷി 'കോക്രോച്ച് ജനത പാർട്ടി'യുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ അഭിഭാഷകർ "ഇത്രയധികം വികാരാധീനരാകേണ്ടതില്ലെന്ന്" ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവിൽ കേസിൽ അടിയന്തര സാഹചര്യമില്ലെന്നും ഹർജികൾ സാധാരണ നടപടിക്രമങ്ങളിലൂടെ പിന്നീട് പരിശോധിക്കാമെന്നും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി.എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.

To advertise here,

കോടതിയുടെ നിരീക്ഷണങ്ങളെ വാണിജ്യപരമായി ഉപയോഗിക്കുന്നതിനെതിരെ നടപടി വേണമെന്നും കോക്രോച്ച് ജനത പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് പൊതുതാൽപ്പര്യ ഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഈ ഓൺലൈൻ പ്രസ്ഥാനം ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കുകയാണെന്ന് അഭിഭാഷകൻ എൻ.കെ. ഗോസ്വാമി വാദിച്ചപ്പോഴാണ് വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.

വ്യാജ നിയമ ബിരുദങ്ങളും സീനിയർ അഡ്വക്കേറ്റ് പദവികളും സംബന്ധിച്ച ഒരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമർശങ്ങളായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. തൊഴിലില്ലാത്ത യുവാക്കളെ "പാറ്റകളോട്" ഉപമിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് നടത്തിയ പ്രസ്താവന വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രസ്താവനയോടുള്ള പ്രതിഷേധമായി അഭിജീത് ദിപ്‌കെ സ്ഥാപിച്ച കോക്രോച്ച് ജനതാ പാർട്ടി സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസ പ്രസ്ഥാനമായിട്ടാണ് തുടങ്ങിയതെങ്കിലും യുവാക്കൾ ഈ കൂട്ടായ്മയ്ക്ക് പിന്നിൽ അണിനിരക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ സീറ്റുകൾ നൽകരുത്, തിരഞ്ഞെടുപ്പ് പരിഷ്കരണം, കൂറുമാറുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് തുടങ്ങിയ ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. ശശി തരൂർ, മഹുവ മൊയ്ത്ര, കീർത്തി ആസാദ്, മമത ബാനർജി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.