ന്യൂഡൽഹി: വാടക ഗർഭ ധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്ര ചട്ടം ഏഴ് ദമ്പതികൾക്കായി സുപ്രീം കോടതി സ്റ്റേ ചെയ്തു. വാടക ഗർഭധാരണവുമായി മുന്നോട്ടു പോകാൻ അസാധാരണമായ ഉത്തരവിലൂടെ ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ദമ്പതികൾക്ക് അനുമതി നൽകി. പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം പൂർണമായും സ്റ്റേ ചെയ്‌തേക്കും എന്ന സൂചനയും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് നൽകി. 

To advertise here,

വാടക ഗർഭധാരണ (നിയന്ത്രണ) നിയമത്തിലെ ചട്ടങ്ങളിൽ 2023 മാർച്ചിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വന്നിരുന്നു. ഭേദഗതി പ്രകാരം വാടക ഗർഭധാരണത്തിനായി ശ്രമിക്കുന്ന ദമ്പതികൾ സ്വന്തം ബീജവും അണ്ഡവും മാത്രമേ അതിനായി ഉപയോഗിക്കാവൂ. പുറത്തുനിന്ന് നിന്ന് അണ്ഡം സ്വീകരിക്കുന്നത് ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം നിരോധിച്ചിരുന്നു. ഇതിന് എതിരെയാണ് 12  ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ ഏഴ് ദമ്പതികൾക്കാണ് പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. 

സുപ്രീം കോടതിയെ സമീപിച്ച സ്ത്രീകൾ അണ്ഡം ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിക്ക് കൈമാറിയിരുന്നു. കേന്ദ്ര സർക്കാർ ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്നതിന് മുമ്പുതന്നെ വാടക ഗർഭധാരണ നടപടികളുമായി തങ്ങൾ മുന്നോട്ട് പോയിരുന്നുവെന്നും, അതിനാൽ ആ നടപടികൾ പൂർത്തിയാക്കാൻ അനുമതി നൽകണം എന്നുമായിരുന്നു ദമ്പതികളുടെ വാദം. 2021 -ലെ നിയമത്തിന്റെ വ്യവസ്ഥകൾക്ക് എതിരാണ് ചട്ടത്തിലെ നിർദേശം എന്നും ഹർജിക്കാർ വാദിച്ചു.  വാടക ഗർഭധാരണത്തിന് ചട്ടത്തിൽ നിഷ്കര്ഷിച്ചിരിക്കുന്ന പരമാവധി പ്രായം 50 ആണ്. അതിനാൽ തങ്ങളുടെ അപേക്ഷയിൽ അടിയന്തിര ഉത്തരവ് വേണമെന്നും ദമ്പതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്ന കാര്യം പരിഗണനയിൽ ആണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.