ന്യൂഡല്‍ഹി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ നടപടിയുമായി പ്രതികള്‍ പൂര്‍ണമായും സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഷാന്‍ വധക്കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നിവര്‍ക്കാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യത്തിനായി ഇവര്‍ നല്‍കിയ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കേസിലെ എതിര്‍കക്ഷികളോട് ചില സുപ്രധാന ചോദ്യങ്ങളും ഇന്ന് സുപ്രീം കോടതി ഉന്നയിച്ചു. ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് 2022-ലാണ്. എന്നാല്‍, ഇതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് രണ്ടുവര്‍ഷം കഴിഞ്ഞാണ്. എന്തുകൊണ്ടാണ് രണ്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യുഷന്‍ വിചാരണക്കോടതിയില്‍ എതിര്‍ത്തില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണ്ടെന്ന് മാത്രമാണ് പ്രോസിക്യുഷന്‍ വിചാരണക്കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ സ്വൈരവിഹാരം നടത്തുന്നത് സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി കേരളം നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തിരുന്നു.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18 വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്.ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴയിലും പാലക്കാടും ആണ് കേരളത്തത്തില്‍ അവസാനമായി വര്‍ഗീയ കൊലപാതകകങ്ങള്‍ നടന്നതെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Supreme Court grants interim bail to RSS workers accused in the K.S. Shan murder case in Alappuzha
Published: 28 May 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented