മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ മൂത്തമകൻ പാർഥ്, രാജ്യസഭാ എംപിയാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അജിത്തിന്റെ മരണത്തിന് പിന്നാലെ ഭാര്യ സുനേത്ര, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

To advertise here,

നിലവിൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ് സുനേത്ര. എംപി സ്ഥാനം രാജിവെച്ച് അവർ ഉപമുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതോടെ പാർഥിനെ രാജ്യസഭയിലെത്തിക്കാനാണ് എൻസിപി നീക്കം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽനിന്ന് പാർഥ് പവാർ മത്സരിച്ചിരുന്നുവെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ചയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചത്.

എൻസിപിയുടെ നിയമസഭാകക്ഷി നേതാവായി ഇന്നുതന്നെ സുനേത്രയെ തിരഞ്ഞെടുക്കുമെന്നും വൈകുന്നേരം അഞ്ചുമണിയോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് വിവരം. നിയമസഭാംഗത്വം നേടുന്നതിന്റെ ഭാഗമായി ബാരാമതി മണ്ഡലത്തിൽനിന്ന് ജനവിധി തേടും. അജിത് പവാറായിരുന്നു ബാരാമതിയുടെ എംഎൽഎ.

മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ എൻസിപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്. സുനേത്ര പവാറിനെ ഉപമുഖ്യന്ത്രിയാക്കുന്നതിനൊപ്പം ദേശീയ പ്രസിഡന്റാക്കണമെന്നും പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.