മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ സുഖ്ബീർ സിങ് ബാദലിനെ ആക്രമിച്ചത് സിഖ് മതത്തിലെ നിഹാങ് വിഭാഗത്തിൽ പെട്ടയാൾ. മഹാരാഷ്ട്രയിലെ നാന്ദേതിലുള്ള ഗുരുദ്വാരയിൽ വെച്ചാണ് വ്യാഴാഴ്ച ബാദലിനുനേരെ ആക്രമണമുണ്ടായത്. നിഹാങ് വിഭാഗത്തിൽ പെട്ട ജസ്പാൽ സിങ് എന്നയാളാണ് അദ്ദേഹത്തെ ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തുവെന്ന് നാന്ദേത് പോലീസ് സൂപ്രണ്ട് രോഹൻ നീലഭ് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

To advertise here,

ഗുരുദ്വാരയിൽ പ്രാർഥന കഴിഞ്ഞ് 'ലംഗറി'ലേക്ക് (ഭക്ഷണശാല) പോകവെയാണ് ബാദലിനുനേരെ ആക്രമണമുണ്ടായത്. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യ ഹർസിമ്രത് കൗറും ഒപ്പമുണ്ടായിരുന്നു. ഇവർ സുരക്ഷിതയായിരുന്നു. ബാദലിന്റെ കൈക്കാണ് പരിക്കേറ്റത്. മതവിശ്വാസത്തിന്റെ ഭാഗമായി സിഖുകാർ കൈവശം സൂക്ഷിക്കുന്ന 'കൃപാൺ' എന്ന കത്തി പോലുള്ള ആയുധം ഉപയോഗിച്ചാണ് ജസ്പാൽ സിങ് ആക്രമണം നടത്തിയത്.

കൃപാൺ ഉപയോഗിച്ച് ബാദലിന്റെ വയറ്റിൽ കുത്താനാണ് ജസ്പാൽ സിങ് ശ്രമിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതിലൂടെ ഇത് തടയുകയായിരുന്നു. ഭീഷണിയുള്ളതിനാൽ ഇസഡ് പ്ലസ് വിഭാഗത്തിൽ പെട്ട സുരക്ഷയുള്ളയാളാണ് സുഖ്ബീർ സിങ് ബാദൽ.

അതേസമയം ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. നന്ദേത് എസ്പിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു. അതേസമയം പരിക്കേറ്റ സുഖ്ബീർ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നിഹാങ് സിഖുകാർ

സിഖ് മതത്തിലെ പരമ്പരാഗത യോദ്ധാക്കളാണ് നിഹാങ്ങുകൾ. 1699-ൽ ഗുരു ഗോബിന്ദ് സിങ് സ്ഥാപിച്ച ഖൽസാ യോദ്ധാക്കളുടെ പിന്മുറക്കാരാണ് ഇന്നത്തെ നിഹാങ്ങുകൾ. നീല വസ്ത്രവലും വലിയ 'ദുമാല'യും (തലപ്പാവ്) ധരിക്കുന്ന ഇവർ വാൾ, കത്തി, കുന്തം തുടങ്ങിയ ആയുധങ്ങളുമേന്തി കുതിരപ്പുറത്താണ് സഞ്ചരിക്കുക. ആയോധനകലകളിൽ പരിശീലനം നേടിയ ഇവർ ഗുരുദ്വാരകളുടെ സംരക്ഷണത്തിലും സാമൂഹ്യസേവനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ ഡൽഹിയിൽ സിജെപിയുടെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നിഹാങ്ങുകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.