വിജയ് മല്ല്യയെ പോലെ ഗൗതം അദാനിയും രാജ്യം വിടുമോ?  ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ എക്സിലെ കുറിപ്പ് ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഗൗതം അദാനി വീടുവെച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ സഹോദരനെ ദുബായിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കുറിപ്പ്. വിദേശത്തേക്ക് പണം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഗൗതം അദാനിയെ ട്രപ്പീസ് കളിക്കാരനാണെന്നാണ് അദ്ദേഹം ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

To advertise here,

"ഒരു പ്രവാസിയില്‍ നിന്ന് ലഭിച്ച വിവരമാണ്, അദാനി സ്വിറ്റ്‌സര്‍ലന്റില്‍ വീട് വെച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അല്ല, എന്തുകൊണ്ട്? അദാനി ഒരു സഹോദരനെ ദുബായിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. പാക് പൗരനായ ബസര്‍ ഷെയുബുമായി ചേര്‍ന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പണം പതുക്കെ വിദേശത്തേക്ക് മാറ്റുന്നു. അദ്ദേഹത്തിന് ഇന്ത്യ പരിഗണനയിലില്ല, ട്രപ്പീസ് കളിക്കാരന്‍", എന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി എക്സിൽ കുറിച്ചു

അദാനിയുടെ സാമ്പത്തിക ഇടപാടുകളെയും രാജ്യസ്‌നേഹത്തെയും ചോദ്യം ചെയ്തുകൊണ്ടാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും നിരവധി ആരോപണങ്ങളും ചര്‍ച്ചകളും ഉയരുന്നതിനിടെയാണ് ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ട്രപ്പീസ് കളിക്കാരനെന്ന് അദാനിയെ വിശേഷിപ്പിച്ചതിലൂടെ ബിസിനസ് ഇടപാടുകളിലെ സുതാര്യതയില്ലായ്മയും വിജയ് മല്ല്യയെയോ നീരവ് മോദിയെയോപ്പോലെ ഇന്ത്യയില്‍ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടാനുള്ള സാധ്യതയുമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി സൂചിപ്പിച്ചിരിക്കുന്നതെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.  

അദാനി വിഷയവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സര്‍ക്കാരിനെതിരേയും രൂക്ഷമായ വിമര്‍ശനാണ് നെറ്റിസണ്‍സ് ഉയര്‍ത്തുന്നത്. ബിജെപി സര്‍ക്കാരുമായുള്ള അടുത്ത ബന്ധമാണ് അദാനിയുടെ വളര്‍ച്ചയ്ക്ക് കാരണം. ഭരണതലത്തിലുള്ള പല പരിഷ്‌കാരങ്ങളും നിയമങ്ങളും അദാനിക്ക് ഗുണം ചെയ്യുന്നവയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. സാമ്പത്തിക അന്വേഷണത്തിന്റെ ഭാഗമായി അദാനി ഇന്ത്യ വിട്ടാല്‍ അത് രണ്ട് കാര്യങ്ങള്‍ക്കാണ് വഴി തുറക്കുക, ഒന്ന് ഇന്ത്യയുടെ ആഗോള സാമ്പത്തിക പ്രതിച്ഛായയ്ക്ക് കളങ്കം നേരിടും. രണ്ടാമത് മോദി സര്‍ക്കാരിന്റെ ഭരണത്തിനും കാഴ്ചപ്പാടുകള്‍ക്കും നേരെ ചോദ്യമുയരും. അദാനി പോലെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ സ്വത്തുവളര്‍ച്ചയും വരുമാനവും കണക്കാക്കപ്പെടാതെ പോകുമ്പോൾ ഇല്ലാതാകുന്നത് പൊതുജനങ്ങളുടെ വിശ്വാസം കൂടിയാണെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.

യുഎസ് കോടതിയിലെ കുറ്റപത്രത്തില്‍ പേരു വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ പേരില്‍ ചര്‍ച്ചകളാരംഭിച്ചത്.