ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നൃത്തം ചെയ്ത വിദ്യാർഥിനിയെ ലക്ഷ്യമിട്ട് ഛത്തീസ്ഗഡ് ബിജെപി പങ്കുവെച്ച പോസ്റ്റിന് വിദ്യാർഥിനി നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരു വിദ്യാർഥിയെയും, പ്രതിഷേധത്തിനിടെ ഡാൻസ് കളിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുന്ന 'ജെൻ സി' പ്രതിഷേധക്കാരെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ പോസ്റ്റ്. ‘ബാബറുടെ പാരമ്പര്യത്തിനൊപ്പം നൃത്തം ചെയ്യുന്നവർ‘ എന്ന രീതിയിൽ പ്രതിഷേധക്കാരെ ബിജെപി ഈ പോസ്റ്റിലൂടെ വിമർശിച്ചിരുന്നു.

To advertise here,

ബിജെപിയുടെ ഈ പരിഹാസത്തിന് ഉർവശി പാലന്ദുർക്കർ എന്ന വിദ്യാർഥിനി ഒരു പവർ പോയിന്റ് പ്രസന്റേഷനിലൂടെയാണ് ചുട്ടമറുപടി നൽകിയത്. തന്റെ സമ്മതമില്ലാതെയാണ് വീഡിയോ ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയ ഉർവശി, ബിജെപിയുടെ ക്യാപ്ഷനുകൾ വളരെ മോശമാണെന്നും അവരുടെ ചാറ്റ് ജിപിടി ശരിയായ മറുപടികളല്ല നൽകുന്നതെന്നും പരിഹസിച്ചു. "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന തന്ത്രം 2026-ൽ നടപ്പില്ലെന്നും, പ്രത്യേകിച്ച് പാർലമെന്റംഗങ്ങൾക്ക് പുതിയ വാക്കുകൾ പഠിപ്പിച്ചുകൊടുത്ത ഒരു തലമുറയോട് ഇത് പയറ്റേണ്ടെന്നും ഉർവശി തന്റെ മറുപടിയിൽ ഓർമ്മിപ്പിച്ചു.

പഠനവും നൃത്തം പോലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഒരേപോലെ കൊണ്ടുപോകാൻ കഴിയുമെന്നും ഉർവശി ബിജെപി വിമർശകരോട് പറഞ്ഞു. തനിക്ക് പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 93 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ വിദ്യാർഥിനി തനിക്ക് ലഭിച്ച അംഗീകാരങ്ങൾ ലിവിങ് റൂമിൽ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. സാഹചര്യങ്ങളെ പരിഹസിക്കാനോ അവിശ്വാസം പ്രകടിപ്പിക്കാനോ ഒക്കെയായി ജെൻ സീ ഉപയോഗിക്കുന്ന "വാസ്‌തെഗുന ഹുയ്യ" എന്ന പദം ഉൾപ്പെടുത്തിയ പിപിടി സ്ലൈഡിലൂടെയാണ് ഉർവശി തന്റെ വീഡിയോ അവസാനിപ്പിച്ചത്.

ഉർവശിയുടെ ഈ മറുപടിക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ഓൺലൈനിൽ ലഭിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കോക്രോച്ച് ജനതാ പാർട്ടി (CJP) തുടങ്ങിയവർ ഉർവശിയെ അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജൂലായ് 25-നാണ് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.