ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് മാർച്ചുമായി വിവിധ വിദ്യാർഥി സംഘടനകൾ. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങി നിരവധി വിദ്യാർഥി സംഘടനകൾ മാർച്ചിൽ പങ്കെടുത്തു.

To advertise here,

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി ജന്തർ മന്തറിൽ നടത്തിയ സമരം നേരത്തേ അവസാനിപ്പിച്ചുവെന്ന വിമർശനം വിദ്യാർഥി സംഘടനകൾ ഉന്നയിച്ചു. പ്രതിഷേധത്തിൽ സിജെപിക്കൊപ്പം പ്രതിഷേധിച്ച വിദ്യാർഥി സംഘടനകളാണ് ഇപ്പോൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സിജെപിയുടെ നിലപാട് വിദ്യാർഥികളെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പുകൾ ലഭിക്കുന്നതിന് മുൻപും കസ്റ്റഡിയിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും മോചിപ്പിക്കുന്നതിന് മുൻപും സമരം പിൻവലിക്കാൻ സിജെപി എടുത്ത തീരുമാനമാണ് വിദ്യാർഥി സംഘടനകളെ ചൊടിപ്പിച്ചത്. കസ്റ്റഡിയിലുള്ളവരുടെ മോചനം ഉറപ്പാക്കാതെ ഒത്തുതീർപ്പിന് തയ്യാറായത് ശരിയായില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. സിജെപി പ്രവർത്തകരോ നേതാക്കളോ ബുധനാഴ്ചയിലെ ജന്തർ മന്തർ മാർച്ചിൽ പങ്കെടുക്കുന്നില്ല.

കസ്റ്റഡിയിലുള്ള വിദ്യാർഥികളെ മോചിപ്പിക്കണം എന്നതാണ് വിദ്യാർഥി സംഘടനകളുടെ പ്രധാന ആവശ്യം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം വൈകിട്ട് അഞ്ച് മണിയോടെ സംഘടനകൾ സമരം അവസാനിപ്പിച്ചു.