ന്യൂഡല്‍ഹി : ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചെന്ന കേസില്‍ ഹാസ്യ താരം മുനവര്‍ ഫറൂഖിക്ക് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 

To advertise here,

ഹിന്ദുദൈവങ്ങളെ അപമാനിച്ചെന്നും കേന്ദ്രമന്ത്രി അമിത്ഷാക്കെതിരേ അധിക്ഷേപകരമായി സംസാരിച്ചെന്നുമുള്ള പരാതിയിലാണ് ഇൻഡോർ പോലീസ് കേസെടുത്തത്. എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്ന് മുനവര്‍ ഫറൂഖി കോടതിയെ അറിയിച്ചു. 

ക്രമിനല്‍ നടപടി ചട്ടപ്രകാരമുള്ള വ്യവസ്ഥകള്‍ അറസ്റ്റുമായി ബന്ധപ്പെട്ട് പാലിച്ചില്ലെന്നും കോടതിയില്‍ മുനവറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മുനാവര്‍ ഫറൂഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.  അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമം പാലിച്ചില്ലെന്ന പരാതിയില്‍ മധ്യപ്രദേശ് പോലീസിന് കോടതി നോട്ടീസും അയച്ചിട്ടുണ്ട്. 

മുനവര്‍ ഫറൂഖിക്ക് ജനുവരി 28ന് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ സഭ്യമല്ലാത്ത തമാശകള്‍ അവതരിപ്പിച്ചെന്നായിരുന്നു മുനവറിനെതിരേയുള്ള പരാതി. ബിജെപി എംഎല്‍എയുടെ മകനായ ഏകലവ്യ സിങ് ഗൗര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് മുനവര്‍ ഫറൂഖിക്കെതിരേ ഉത്തര്‍ പ്രദേശ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസില്‍ അലഹബാദ് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റും സുപ്രീം കോടതി സ്റ്റേ ചെയ്തു

content highlights: standup comedian Munawar Faruqui Gets Bail From Supreme Court, in hindu god insulting case