ചെന്നൈ: മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഉദയനിധിയുടെ നേതൃത്വത്തില്‍ ജനുവരി 21-ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിര്‍ക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോള്‍ ചിലര്‍ തന്റെ ആരോഗ്യത്തെ സംബന്ധിച്ചുപോലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. പൊങ്കല്‍ ആശംസാ സന്ദേശത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതികരണം. 

To advertise here,

സംസ്ഥാനത്തെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം താന്‍ ആശങ്കപ്പെടില്ലെന്ന് വെള്ളിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവന ആശംസാ സന്ദേശത്തിലും സ്റ്റാലിന്‍ ആവര്‍ത്തിച്ചു. 'ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാന്‍ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലിചെയ്യുന്നു', എഴുപതുകാരനായ സ്റ്റാലിൻ വ്യക്തമാക്കി. 

തന്റെ ആരോഗ്യത്തെ സംബന്ധിച്ച നുണ പോളിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഉദയനിധിയ്ക്ക് നല്‍കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. എന്നാല്‍, മുഖ്യമന്ത്രിയെ സഹായിക്കാന്‍ മന്ത്രിമാര്‍ എല്ലാവരുമുണ്ടെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഉദയനിധിതന്നെ വ്യക്തമാക്കിക്കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

യൂത്ത് വിങ് സമ്മേളനത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതായിരിക്കും സമ്മേളനത്തിന്റെ ലക്ഷ്യം. ഡി.എം.കെ അധ്യക്ഷസ്ഥാനം ലഭിച്ചത് പ്രവര്‍ത്തകരുടെയും പാര്‍ട്ടി ജനറല്‍ കൗണ്‍സിലിന്റെയും തീരുമാനപ്രകാരമാണ്. പക്ഷെ, ജനങ്ങളുടെ പിന്തുണയും പാര്‍ട്ടിപ്രവര്‍ത്തകരുടെ വലിയ പരിശ്രമവുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.