കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെ നടപടിയെന്ന് സൗരവ് ആരോപിച്ചു

പുതുച്ചേരി: തന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വീട്ടിലാണ് പോലീസ് എത്തി പരിശോധന നടത്തിയതെന്നും സൗരവ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ബിജെപി സർക്കാരിന്റെ നിർദേശപ്രകാരമാണ് പരിശോധനയെന്ന് ആരോപിച്ച സൗരവ് ദാസ്, രണ്ടുദിവസം മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുച്ചേരിയിലെത്തിയിരുന്നെന്നും ചൂണ്ടിക്കാട്ടി.
'രണ്ട് മണിക്കൂർ മുമ്പ് പോണ്ടിച്ചേരി പോലീസ് എന്റെ കുടുംബവീട്ടിലെത്തി അവിടെയുണ്ടായിരുന്നവരെ ചോദ്യംചെയ്തു. പുതുച്ചേരി പോലീസിനോടാണ്, എന്തിനാണീ പീഡനം? ആരാണ് ഇതിന് ഉത്തരവിട്ടത്? എന്തിനുവേണ്ടിയാണ് ഇത്? ഇതാണോ നിയമപരമായ നടപടിക്രമം? എന്തിനാണ് പോണ്ടിച്ചേരിയിലെ ബിജെപി സർക്കാർ എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത്?', സൗരവ് ദാസ് ചോദിച്ചു.
'ഇത് പോണ്ടിച്ചേരി സർക്കാരിന്റെ സ്വഭാവമല്ല. ഇത് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് അവർ ചെയ്യുന്നത്. എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് നടക്കില്ല. ഇതൊന്നും എന്നെ പേടിപ്പിക്കുന്നേയില്ല. ഗുണ്ടകളേപ്പോലെ പെരുമാറുന്നതിനുപകരം പോലീസ് നന്നായി പെരുമാറുന്ന, മെച്ചപ്പെട്ട ഒരു വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുകയേ ഉള്ളൂ', സൗരവ് ദാസ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടുദിവസം മുമ്പ് പുതുച്ചേരിയിലെത്തിയിരുന്നു എന്ന് മറ്റൊരു എക്‌സ് പോസ്റ്റിൽ സൗരവ് ആരോപിച്ചു. 'രണ്ടുദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോണ്ടിച്ചേരിയിലെത്തിയിരുന്നു. തുടർന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയേയും ലെഫ്റ്റനന്റ് ഗവർണറേയും കണ്ടു (ഗുജറാത്തിൽ വർഷങ്ങളോളം മോദിയുടെ കണ്ണും കാതുമായിരുന്ന് കുപ്രസിദ്ധനായ വ്യക്തിയാണ് ആ ലെഫ്റ്റനന്റ് ഗവർണർ). ഇപ്പോൾ നടന്ന ഭീഷണിപ്പെടുത്തൽ തന്ത്രം ആ കൂടിക്കാഴ്ചയിൽ ആസൂത്രണം ചെയ്തതാണോ?', സൗരവ് ദാസ് ചോദിച്ചു.
Content Highlights: Cockroach Janata Party (CJP) spokesperson Sourav Das alleged through a post on X that Puducherry police raided his family residence under instructions from the BJP government, stating that such intimidation tactics will not silence him.
Published: 12 Aug 2026, 09:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented