
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. എന്നാൽ ഇതിനിടെ രാജ്യസഭയിൽ തികച്ചും അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ നീക്കം അരങ്ങേറി. സിപിഎം എം.പിയായ ജോൺ ബ്രിട്ടാസ് ഉന്നയിച്ച വിഷയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്തി. ബ്രിട്ടാസിന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച സോണിയയുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
രാജ്യസഭയിലെ ശൂന്യവേളയിലാണ് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളികൾ, കർഷകർ, യുവാക്കൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ കുറിച്ചുമായിരുന്നു ജോൺ ബ്രിട്ടാസ് പ്രസംഗിച്ചത്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടിനോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. സാധാരണയായി മറ്റ് അംഗങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തിൽ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്.
കേവലം വാക്കുകളിൽ ഒതുക്കാതെ, ബ്രിട്ടാസിന്റെ പരാമർശങ്ങളോട് യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് സോണിയ ഗാന്ധി രാജ്യസഭാ സെക്രട്ടറിയേറ്റിന് രേഖാമൂലം കത്ത് നൽകി. കോൺഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്. സോണിയ ഗാന്ധി ബ്രിട്ടാസിന്റെ പ്രസംഗത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. താൻ ആരോടും പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും സോണിയ ഗാന്ധി സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നുമാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്.
ഈ നടപടി കേരളത്തിലെ കോൺഗ്രസുകാർക്കുള്ള ഒരു സന്ദേശമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളെ വേണ്ട രീതിയിൽ ഗൗനിക്കാത്ത സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തങ്ങളുടെ കേന്ദ്ര നേതാവിന്റെ ഈ നടപടിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ഇത്തരം യോജിപ്പിന്റെ തലങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Congress chief Sonia Gandhi publicly supports CPM MP John Brittas in Rajya Sabha. Discover the rare political move and its significance for the INDIA alliance.
Published: 13 Feb 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented