ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ വൈകിച്ചുവെന്നും തന്നെ മണിക്കൂറുകളോളം സഫ്ദർജംഗ് ആശുപത്രിയിൽ തടഞ്ഞുവെച്ചുവെന്നും സോനം വാങ്ചുക്. ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു വാങ്ചുക്കിന്റെ ആരോപണം. യൂട്യൂബ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ വാങ്ചുക് സഫ്ദർജംഗ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരോട് തർക്കിക്കുന്നത് കാണാം.
ആശുപത്രി ഇടനാളിയിലൂടെ നടന്നുനീങ്ങുന്നതിനിടയിൽ വാങ്ചുക് പോലീസുകാരോട് ‘എന്നെ അറസ്റ്റ് ചെയ്യാൻ പറയൂ’ എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘നിങ്ങൾ എന്നെ ഉപദ്രവിക്കുകയാണ്. മാനസിക ബുദ്ധിമുട്ടുകൾ മൂലം ഞാൻ മരിച്ചാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും’ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കുന്നില്ല’ എന്ന് പോലീസുകാർ മറുപടി നൽകുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് പോലീസുകാർ മോശമായി പെരുമാറുന്നുവെന്ന് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ ആരോപിക്കുന്നത് കേൾക്കാം. ഇതിനുപിന്നാലെ ആശുപത്രി ജീവനക്കാരനെന്ന് കരുതുന്ന മറ്റൊരു വ്യക്തിയുമായി വാങ്ചുക് തർക്കിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ആശുപത്രി മാറ്റത്തിനുള്ള ഹൈക്കോടതി ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് അരികിലുണ്ടായിരുന്ന ഒരാൾ പറയുന്നുണ്ട്. ഉത്തരവ് ഡിജിറ്റലായി എല്ലായിടത്തും എത്തിയിട്ടുണ്ട്. നിങ്ങൾക്ക് മാത്രമാണ് ഇതിനെക്കുറിച്ച് വിവരമില്ലാത്തത് എന്ന് വാങ്ചുക് ദേഷ്യത്തോടെ മറുപടി നൽകി.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ ഉത്തരവ് പുറത്തിറങ്ങിയിട്ടും വൈകുന്നേരം ഏഴുമണിവരെ അത് വൈകിപ്പിച്ചുവെന്ന് വാങ്ചുക് ആരോപിച്ചു. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വാങ്ചുക് അപ്പോൾ തന്നെ ആശുപത്രി വിടണമെന്ന് വാശിപിടിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൈക്കോടതിയുടെ രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചയുടൻ, അന്ന് വൈകുന്നേരം 6.40-ഓടെ വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിന് കൈമാറിയിരുന്നു എന്നും ആശുപത്രി കൂട്ടിച്ചേർത്തു.
സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ജന്തർമന്തറിൽ ജൂൺ 28 മുതൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്നു വാങ്ചുക്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂലായ് 18-നാണ് പോലീസ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ മേദാന്തയിലേക്ക് മാറ്റുകയായിരുന്നു.
Published: 25 Jul 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented