ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾ വന്നുകാണുകയും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്തം സംബന്ധിച്ച വിഷയം ഉന്നയിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്താൽ സോനം വാങ്ചുക് നാളെ (തിങ്കൾ) നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഭാര്യ ഗീതാഞ്ജലി ആങ്മോ. അതേസമയം നാളെ നടത്താൻ നിശ്ചയിച്ച മാർച്ചിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് ആശുപത്രിയിൽനിന്ന് വാങ്ചുക് അനുയായികളോട് അഭ്യർഥിച്ചിട്ടുണ്ട്.
വാങ്ചുകിനും കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധങ്ങൾക്കും പിന്തുണയർപ്പിച്ച് നടൻ പ്രകാശ് രാജ്, നടി ശബാന ആസ്മി എന്നിവർ ജന്തർമന്ദറിലെത്തി. ഇന്ന് രാത്രി ജന്തർമന്ദറിൽ തുടരുമെന്ന് പ്രകാശ് രാജ് അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും സി.ജെ.പി. നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചത്. മൂന്നാംവാരത്തിലേക്ക് കടന്ന സമരത്തെത്തുടർന്ന് ശനിയാഴ്ച ഡൽഹി പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ അദ്ദേഹം അവിടെ നിരാഹാര സമരം തുടരുകയാണ്.
തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് സി.ജെ.പി.യുടെ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചേക്കുമെന്ന ഭയത്താൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ജന്തർമന്ദറിലേക്ക് വൻ ജനപ്രവാഹമാണുണ്ടായത്. രാത്രി മുഴുവൻ കാവലിരിക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ ആഹ്വാനം ചെയ്തതിനെത്തുടർന്നായിരുന്നു ഇത്. ഞായറാഴ്ച രാവിലെത്തെ ജനത്തിരക്ക് വ്യക്തമാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സി.ജെ.പി. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Sonam Wangchuk remains hospitalized under observation during his indefinite hunger strike., Delhi Police imposed Section 163 BNSS, prohibiting unauthorized protests near Parliament.
Published: 19 Jul 2026, 10:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented