
ന്യൂഡൽഹി: നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരേ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു.
വിഷയത്തിൽ മൂന്നുദിവസത്തിനകം മറുപടിനൽകണമെന്നാണ് കോടതി നിർദേശം. വാങ്ചുകിന്റെ ചികിത്സ നിലവിൽ സഫ്ദർജങ് ആശുപത്രിയിൽതന്നെ തുടരുമെന്നും കോടതി അറിയിച്ചു. ഈമാസം 24-ന് കേസ് വീണ്ടും പരിഗണിക്കും.
ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സോനം ലഡാക്കിൽ 35 ദിവസത്തോളം സമരം നടത്തിയപ്പോൾ തിരിഞ്ഞുനോക്കാത്ത കേന്ദ്ര സർക്കാർ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കപിൽ സിബൽ ആരോപിച്ചു. വാങ്ചുകിന്റെ സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന സമയത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പാർപ്പിച്ച മുറിയിലടക്കം പോലീസ് ഉദ്യോഗസ്ഥനെ വിന്യസിച്ചിട്ടുണ്ടെന്നും അഭിഭാഷകർ വാദിച്ചു.
എന്നാൽ, വാങ്ചുകിന് ആവശ്യമായ ചികിത്സ ഉറപ്പാക്കാനാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ ആര് ഉത്തരവാദിത്വം പറയുമെന്ന ചോദ്യവും അവർ ഉന്നയിച്ചു. വാങ്ചുകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിച്ച കോടതി, ഡോക്ടർമാരുമായി അദ്ദേഹം ചികിത്സയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ അനുവദിച്ച സമയത്ത് കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാമെന്നും കോടതി വ്യക്തമാക്കി.
സോനം ആശുപത്രിയിൽ നിയമവിരുദ്ധ തടങ്കലിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. ചികിത്സിച്ചിരുന്ന ഡോക്ടർമാർക്കും അഭിഭാഷകർക്കും അദ്ദേഹത്തെ കാണാൻ അനുവദിക്കണം, ചികിത്സയിൽ സുതാര്യതയില്ല, ഡിസ്ചാർജ് വേണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചു.
പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 21 ദിവസമായി ഡൽഹിയിലെ ജന്തർമന്ദറിൽ നിരാഹാരമനുഷ്ഠിച്ചുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് പോലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ സഫ്ദർജങ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് സമരം.
Published: 19 Jul 2026, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented