ചെന്നൈ: പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ. പാമ്പുകടിക്കുന്നതിനെ പൊതുജനാരോ​ഗ്യ നിയമത്തിനുകീഴിൽ ഉൾപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സമീപകാലത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് വർധിച്ചതോടെയാണ് നടപടി.

To advertise here,

വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള മരണങ്ങൾ തടയാൻ മറുമരുന്ന് ലഭ്യമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇതോടെ പാമ്പുകടിയേറ്റവരുടെ വിവരങ്ങൾ ആശുപത്രികൾ നിർബന്ധമായും സംസ്ഥാന സർക്കാരിനെ അറിയിക്കുകയുംവേണം. 

ഈ വർഷം ജൂൺ ഏഴുവരെ 7300 പേർക്കാണ് തമിഴ്നാട്ടിൽ പാമ്പുകടിയേറ്റത്. ഇതിൽ 13 പേർ മരണമടഞ്ഞു. 2023-ൽ 19,795 കേസുകളിലായി 43 പേരും 2022-ൽ 15,120 സംഭവങ്ങളിലായി 17 പേരും മരിച്ചു.

പാമ്പുകടിച്ച എല്ലാ സംഭവങ്ങളും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത് വിവരശേഖരണത്തിൽ തടസംവരുത്തിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ ആൻ്റി വെനം ആവശ്യമുള്ളിടത്ത് ലഭ്യമാക്കാൻ വിവരശേഖരണം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലൊന്ന് ഉണ്ടായിരുന്നിട്ടും, പാമ്പുകടിയേൽക്കുന്നതിനെതിരെയുള്ള പ്രതിരോധമരുന്ന് മതിയായ അളവിൽ ലഭ്യമല്ലാത്തത് ചികിത്സയിൽ കാലതാമസത്തിനും തുടർന്നുള്ള മരണത്തിനും ഇടയാക്കുന്നതായാണ് വിലയിരുത്തൽ.

ഇപ്പോഴത്തെ ഇടപെടൽ പോരായ്മകൾ പരിഹരിക്കുമെന്നും വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാമ്പുകടി മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഒരു ആഗോള ശ്രമം ആരംഭിച്ചിട്ടുണ്ട്. 2030-ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കാനാണ് ഈ കർമപദ്ധതി ലക്ഷ്യമിടുന്നത്.