ഗുവാഹത്തി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി ഗുവാഹട്ടി പോലീസ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും പോലീസ് നോട്ടീസയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹട്ടി പോലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. 

To advertise here,

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് കളങ്കമാകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തുവെന്നാണ് ആരോപണം. 'ദി വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. 'ദി വയറി'ല്‍ തന്നെയാണ് ഥാപ്പറും പ്രവര്‍ത്തിക്കുന്നത്. എന്താണ് കേസ്, എന്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും ആതുകൊണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം എന്നുമാണ് പൊലീസിന്റെ ഭാഷ്യം.

മാധ്യമറിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ തടഞ്ഞ കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് സമന്‍സ് ലഭിച്ചത്. തിങ്കളാഴ്ചയാണ് ഥാപ്പര്‍ക്ക് നോട്ടീസ് ലഭിച്ചത്. നോട്ടീസുപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍/ഹാജരാകുന്നതില്‍ പരാജയപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും സമന്‍സില്‍ പറയുന്നു. 

ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.